സജിത്ത്|
Last Modified ചൊവ്വ, 14 ജൂണ്‍ 2016 (12:41 IST)
മഴക്കാലം രോഗങ്ങളുടെ കാലം കൂടി ആണല്ലോ. ആര്‍ത്തലച്ചു വരുന്ന മഴയോടൊപ്പം രോഗങ്ങളുടെ പേമാരിയും മഴക്കാലത്തിന്റെ പ്രത്യേകതയാണ്. രോഗങ്ങള്‍ മഴക്കാലത്ത് പല രീതിയില്‍ ഉണ്ടാകുന്നു മലിനമായ ജലം, വായു, ആഹാരം എന്നിവയിലൂടെയും കൊതുക്, ഈച്ച മുതലായവ പരത്തുന്നതിലൂടെയും പകര്‍ച്ചവ്യാധികളായും രോഗങ്ങള്‍ ഉണ്ടാകുന്നു. മഴക്കാലത്ത് സാധാരണയായി വരുന്ന രോഗങ്ങളാണ് ചിക്കന്‍ ഗുനിയ, ഡങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ
ഫ്ലേവി എന്ന വൈറസുകളാണ് ഡങ്കിപ്പനിക്ക് കാരണം. ടൈഗര്‍ കൊതുകുകള്‍ എന്നറിയപ്പെടുന്ന ഈഡിസ് വിഭാഗത്തിലെ പെണ്‍കൊതുകുകളാണ് ഈ വൈറസ് പടര്‍ത്തുന്നത്. സാധാരണ ഡങ്കിപ്പനിയില്‍ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടും. സാധാരണ ഡങ്കിപ്പനി മാരകമല്ലെങ്കിലും രക്തസ്രാവമുണ്ടാക്കുന്ന ഡങ്കി ഹെമിറേജ് പനി മരണത്തില്‍ കലാശിച്ചേക്കാം. ഇത്തരം കൊതുകുകളും വൈറസുകളും വരാതെ നോക്കുകയെന്നതാണ് നമ്മള് ചെയ്യേണ്ട പ്രധാന കാര്യം. അതിനായി പല രീതിയിലുള്ള കാര്യങ്ങളും നമുക്ക് ചെയ്യാവുന്നതാണ്. എതൊക്കെയാണ് അവയെന്ന് നോക്കാം.
ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിടുന്നതും വളർച്ച പൂർത്തിയാക്കുന്നതും. വെള്ളം നിറച്ചിരിക്കുന്ന വാട്ടർ കൂളർ, ഫ്ളവർ വെയ്സ്, ചെടിച്ചട്ടിയുടെ അടിയിൽ വച്ചിട്ടുള്ള സാസർ, ഒഴിഞ്ഞ പാത്രങ്ങൾ, ജാർ, ഫ്രിഡ്ജ്, വാഴയുടെ പോളകൾ, മരത്തിന്റെ വിടവുകൾ തുടങ്ങിയ സ്ഥലത്ത് ഈ കൊതുകുകൾ മുട്ടയിടുന്നു. ഇതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കന്‍ ശ്രദ്ധിക്കുക. ഈഡിസ് ഈജിപ്തി കൊതുകുകളെ നശിപ്പിക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുക.
കൊതുകുകളുടെ പ്രജനന സ്ഥലങ്ങൾ ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുക. വീട്ടിനുള്ളിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം ശരിയായ വിധം ഇല്ലായ്മ ചെയ്യുക. വാട്ടർ കൂളറിലുള്ള വെള്ളം ആഴ്ചതോറും മാറ്റുക. കൊതുകു നശീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തും മറ്റ് സംഘടനകളും ഏറ്റെടുക്കുക. പരിസരത്തിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഒഴിഞ്ഞ പാത്രങ്ങൾ, ചിരട്ട, ഉപയോഗമില്ലാത്ത ടയർ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക. വീടുകളിൽ കൊതുകുകൾക്കുള്ള സ്ക്രീനിംഗ് നടത്തുക. വീടിനുള്ളിൽ കൊതുക് കടക്കാത്തവിധം സജ്ജീകരിക്കുക. പൈറത്രം പോലുള്ള കീടനാശനികൾ കൊണ്ട് സ്പ്രേ ചെയ്യുക.
ഉയർന്ന പനിയുള്ളവരെ ഉടനെ ചികിത്സയ്ക്ക് വിധേയരാക്കുക. ഡെങ്കു സംശയമുള്ളവർ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക. കൊതുകു നിർമാർജന പ്രവർത്തനത്തിൽ സഹായിക്കുക. രോഗിയെ കൊതുകുവലയ്ക്കുള്ളിൽ കിടത്തുക. അല്ലെങ്കിൽ കൊതുക് കടക്കാത്ത മുറി സജ്ജീകരിക്കുക. പോഷകാഹാരവും ധാരാളം പാനീയങ്ങളും രോഗിക്ക് കൊടുക്കുക. പനിയും രക്തസ്രാവവും ഉണ്ടെങ്കിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.
ഡെങ്കിപ്പനിക്ക് കാണപ്പെടാറുള്ള പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് കഠിനമായും തുടർച്ചയായും അനുഭവപ്പെടുന്ന വയറുവേദന, ചർമ്മം വിളറിയതും ഈർപ്പമേറിയതും ആവുക, മൂക്ക്, വായ്, മോണ മുതലായവയിൽ കൂടിയുള്ള രക്തസ്രാവ്രം, കൂടെക്കൂടെ രക്തത്തോടെയോ അല്ലാതെയോയുള്ള ഛർദ്ദി, അസ്വസ്ഥതയും ഉറക്കമില്ലായ്മയും, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ, ശ്വാസോച്ഛാസത്തിന് വൈഷമ്യം എന്നിവ. ഈ രോഗത്തിനെതിരെ മനുഷ്യ ശരീരത്തിന് പ്രകൃതിദത്തമായി പ്രതിരോധശേഷിയില്ല. ഡെങ്കിപ്പനിക്കെതിരെ വാക്സിൻ ഒന്നുംതന്നെ നിലവിലില്ലയെന്നതാണ് മറ്റൊരു കാര്യം. കരുതിയിരിക്കുക, ഈ രോഗം ആർക്കും പിടിപെട്ടേക്കാം.