1931. ഡിസംബര്‍ 12ലെ തണുത്ത സായാഹ്നം... മുംബൈയിലെ ഓപറ ഹൗസില്‍ നിറഞ്ഞ സദസ്സ്. ആറര മണി കഴിഞ്ഞ് അഞ്ചാറു നിമിഷങ്ങള്‍ കടന്നു പോയി.... ഹര്‍ഷാരവത്തോടെ തിരശ്ശീല ഉയര്‍ന്നു !
രംഗത്ത് ശ്രീകൃഷ്ണന്‍! ചൈതന്യവും ഓജസ്സും നിറഞ്ഞ മുഖം... പീതാംബരം, തലയിലെ കിരീടത്തിന്‍റെ ഉച്ചിയില്‍ മയില്‍പീലി, വനമാല, മുത്തും സ്വര്‍ണവും വിളങ്ങുന്ന മാലകള്‍, ആഭരണങ്ങള്‍... ചുണ്ടോടടുപ്പിച്ച ഓടക്കുഴലിന്‍റെ മുദ്ര കൈകളില്‍. കാലുകള്‍ പിണച്ച് സുസ്മേരവദനനായി നില്‍ക്കുന്ന ശ്രീകൃഷ്ണന്‍റെ ഇമ്പമാര്‍ന്ന രൂപം..
ദര്‍ശനത്തിന്‍റെ മാസ്മരികതയില്‍ മയങ്ങിയ ജനങ്ങള്‍... ശില്‍പമോ ?... അതോ വരച്ചുവച്ച ചിത്രമോ ?
നിശ്ശബ്ദതയെ കുളിരണിയിച്ച് ഓടക്കുഴലില്‍ ബിലഹാരിയുടെ ഹൃദ്യത ഒഴുകിയെത്തി. അതുവരെ കാണാത്ത മട്ടില്‍ ഭാഗവദ് ദര്‍ശനത്തിന്‍റെ ആനന്ദാതിരേകം... നീണ്ട കൈയടിയായി സദസ്സില്‍ നിറഞ്ഞു.