ബാലഗോപാലയാശുമാം... എന്ന പ്രസിദ്ധമായ ദീക്ഷിതര്‍ കൃതിക്ക് ഒപ്പം രാധ ചുവടുകള്‍ വച്ചു. ലാസ്യ ലാവണ്യത്തിന്‍റെ നിശ്ശബ്ദത പരന്നു.
പുഞ്ചിരി തൂകി നിന്ന് ശ്രീകൃഷ്ണനും പിന്നീട് .... ലോലനായി. ഗീതാഗോവിന്ദത്തിലെ ''കിസലയ...'' എന്ന പദത്തിനൊപ്പം ചാരുതയാര്‍ന്ന മുദ്രകളും ഹൃദയഹാരിയായ അഭിനയവും. കൃഷ്ണന്‍ രാധയുടെ മനം കവര്‍ന്നു. കാണികളുടേയും.
പിന്നെ രാധയും കൃഷ്ണനും ചേര്‍ന്ന് ദേവാധി ദേവനേ എന്ന് അകുമ്മി. തിരശ്ശീല പതുക്കെ താഴുമ്പോള്‍ കനത്ത കരഘോഷം.
അതുവരെയില്ലാത്ത ഇമ്പമാര്‍ന്ന അനുഭവം. അനിതരസാധാരനമായ നൃത്ത രൂപം..... കാണികളുടെ മനസ്സിനെ നേരിട്ടു സ്പര്‍ശിക്കുന്ന നടന കൗതുകം.
പില്‍ക്കാലത്ത് ശ്രദ്ധേയമായി മാറിയ നൃത്ത ശൈലിയുടെ കന്നി പ്രകടനമായിരുന്നു അത്. ഭാരതീയ നൃത്ത ചാരിത്രത്തിലെ ഒരു സുവര്‍ണ ഏട്.
കഥകളി നടനം എന്ന നൃത്തത്തിന്‍റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യത്തെ അവതരണമായിരുന്നു അത്. ഇതാണ് കേരള നടനം എന്ന നൃത്ത രൂപമായി വളര്‍ന്നത്.
കൃഷ്ണനായത്, അന്ന് 23 വയസ്സു മാത്രമുണ്ടായിരുന്ന ഗുരു ഗോപിനാഥ്. രാധയായത് അമേരിക്കന്‍ നര്‍ത്തകിയായ രാഗിണീദേവി. (എസ്തര്‍ ഷെര്‍മാന്‍ എന്ന രാഗിണിദേവി പ്രമുഖ നര്‍ത്തകിയായ ഇന്ദ്രാണി റഹ് മാന്‍റെ അമ്മയാണ്).
ഈ രംഗത്തിന്‍റെ അനുസ്മരണം നമ്മെ മറ്റൊരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. കേരള നടനത്തിന് എഴുപത് കഴിഞ്ഞിരിക്കുന്നു. 1931 അവസാനത്തിലെ ഈ പരീക്ഷണ നൃത്തം 1932 ല്‍ ഇന്ത്യയില്‍ പലയിടത്തും അവതരിപ്പിച്ചു. ഇക്കൊല്ലമാണ് സവിശേഷമായ നൃത്തരൂപമെന്ന നിലയില്‍ കേരള നടനം (കഥകളി നടനം) ലബ്ധപ്രതിഷ്ഠമായത്.
നഗരത്തിലെ തിയേറ്ററുകളില്‍ അവതരിപ്പിക്കാന്‍ പാകത്തിന് കഥകളിയെ മെരുക്കിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ രാഗിണിദേവി, കലാമണ്ഡലത്തിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയായ ചമ്പക്കുളം ഗോപിനാഥ പിള്ള എന്ന ഗുരുഗോപിനാഥിനെ സഹനര്‍ത്തകനായും ആശാനുമായി സ്വീകരിച്ച് കേരളത്തില്‍ നിന്നും ബോംബെയ്ക്ക് വണ്ടികയറിയതാണ് കേരള നടനത്തിന്‍റെ പിറവിക്ക് നാന്ദി കുറിച്ചത്.