വിലക്കപ്പെട്ട സൗഹൃദങ്ങള്‍

ബി ഗിരീഷ്

She males
FILEFILE
സമൂഹം വാളെടുക്കുന്നു

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളും അവകാശ പോരാട്ടങ്ങളും കേരളത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. എന്നാല്‍ പെണ്‍സൗഹൃദങ്ങളില്‍ ‘പ്രണയം’ കലരുന്നതിനെ അംഗീകരിക്കാനുള്ള വിശാലമനസ്കത മലയാളിക്ക്‌ വന്നിട്ടില്ല.

ലൈംഗികവിദ്യാഭ്യാസത്തിനുള്ള പഠ്യപുസ്തകങ്ങള്‍ അധ്യാപകര്‍ തന്നെ പരസ്യമായി കത്തിച്ചുകളയുമ്പോള്‍ കൂട്ടുകാരിയോടുള്ള പ്രണയം ഒളിപ്പിച്ച്‌ വച്ച്‌ ഇഷ്ടമല്ലാത്ത പുരുഷന്‌ മുന്നില്‍ തലകുനിച്ച്‌ നരകമായിത്തീരുന്ന ദാമ്പത്യം അനുഭവിക്കുന്നവര്‍ ഏറെയുണ്ട്‌. കൂട്ടുകാരിയോടുള്ള പ്രണയം പുറത്താകുമ്പോള്‍ ഭീകരമായ ശിക്ഷണ നടപടികള്‍ക്ക്‌ ഇടയാകുന്നവരും കുറവല്ല.

ഒന്നര ദശകങ്ങള്‍ക്ക്‌ മുമ്പാണ്‌ തിരുവന്തപുരത്തെ ഒരു പ്രധാന ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ ‘മാര്‍ട്ടീന നവരത്നലോവ’ ക്ലബ്‌ രൂപപ്പെട്ടത്‌. പെണ്‍കുട്ടികള്‍ മാത്രമുള്ള സ്കൂളില്‍ വിഖ്യാത ലെസ്ബിയന്‍ കായികതാരത്തിന്‌ ആരാധകരുണ്ടായത്‌ സ്കൂള്‍ അധികൃതരെ ഞെട്ടിക്കുക തന്നെ ചെയ്തു. ക്ലബ്ബിലെ എല്ലാ അംഗങ്ങളെയും സ്കൂളിലെ പുറത്താക്കി കൊണ്ടാണ്‌ പ്രിന്‍സിപ്പള്‍ വിദ്യാലയത്തില്‍ അച്ചടക്കം പുനസ്ഥാപിച്ചത്‌.

സ്കൂളില്‍ വച്ച്‌ പരസ്പരം മാലയിട്ട്‌ കല്യാണം കഴിക്കുന്നതിനായി അഭിനയിച്ചതിന്‌ രണ്ട്‌ പെണ്‍കുട്ടികളെ പുറത്താക്കിയ സംഭവത്തിനും വളരെ പഴക്കമുണ്ട്‌. മറ്റ്‌ കുട്ടികളെ കുടി ചീത്തയാക്കുമെന്ന ആരോപണവുമായ്‌ അവര്‍ സ്കൂളില്‍ നിന്ന്‌ പുറത്താക്കപ്പെട്ടു.

തനുജ ചൗഹാന്‍റെയും ജയവര്‍മ്മയുടെയും ഒരുമിച്ചുള്ള ജീവിതം നരകതുല്യമായത്‌ അവരെ കുറിച്ച് ഒരു പത്രം വാര്‍ത്ത നല്‍കിയതോടെയാണ്‌. വിവാഹം കഴിച്ച്‌ അയല്‍ക്കാരുമായ സൗഹൃദത്തോടെ ജീവിച്ചിരുന്ന ആ പെണ്‍കുട്ടികളെ വാര്‍ത്ത വന്നതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ ഗ്രാമം വിടാന്‍ നിര്‍ബന്ധിച്ചു.

ഗ്രാമീണ പെണ്‍കുട്ടികളായ ഊര്‍മ്മിളയുടെയും ശ്രീവാസ്ഥവയുടെയും സൗഹൃദവും ഏറെ മാധ്യമ ചര്‍ച്ചക്ക്‌ വിധേയമായതാണ്‌. മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ നാല്‍പത്തിലേറെ സാക്ഷികള്‍ക്ക്‌ മുന്നിലാണ്‌ അവര്‍ വിവാഹിതരായത്‌.മാധ്യമങ്ങള്‍ അവരെ ലെസ്ബിയന്‍ ദമ്പതികള്‍ എന്ന്‌ ആഘോഷിച്ചതോടെ പൊതു സമൂഹം അവരേയും തിരസ്കരിക്കുകയായിരുന്നു.

സ്ത്രീകള്‍ തമ്മിലുള്ള പ്രണയം മാത്രമാണ്‌ മലയാളി സമൂഹം ആത്മവിമര്‍ശനപരമായി ചര്‍ച്ച ചെയ്യാനെങ്കിലും തയ്യാറാകുന്നത്‌. പുരുഷന്മാര്‍ തമ്മിലുള്ള ‘അതിരുവിടുന്ന സൌഹൃദം’ ഒരു സാമൂഹ്യപ്രശ്നമായി മലയാളിക്ക്‌ മുന്നില്‍ ഇതുവരെ അവതരിക്കപ്പെട്ടിട്ടില്ല.

കോഴിക്കോടന്‍ ബസ്റ്റാന്‍ഡുകളിലെ ‘ശല്യപ്പെടുത്തലുകള്‍ക്ക്‌’ അധികമായി ഇത്തരം ബന്ധങ്ങള്‍ വളര്‍ന്നിട്ടില്ലെന്നാണ്‌ മലയാളിയുടെ പൊതുവിശ്വാസം. പൊതുസമൂഹത്തിന്‍റെ പരിഹാസത്തില്‍ വീഴാതെ ഇത്തരം സൗഹൃദങ്ങളെ മറച്ചുവയ്ക്കാന്‍ പുരുഷന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു എന്നതായിരിക്കാം യാഥാര്‍ത്ഥ്യം.

ഇത്തരം പ്രശ്നങ്ങളെ മാധ്യമങ്ങള്‍ ഇരട്ടത്താപ്പോടെയാണ്‌ സമീപിക്കുന്നത്‌. തിരസ്ക്കരിക്കപ്പെട്ടവരുടെ ‘സൗഹൃദവാര്‍ത്തകള്‍’ നല്‍കുന്നു എന്ന വ്യാജേന ഒരു ‘സെല്ലബിള്‍ സ്റ്റോറി’ അവതരിപ്പിക്കുക എന്നതില്‍ കവിഞ്ഞ ആത്മാര്‍ത്ഥത ഈ കൂട്ടുകാര്‍ക്ക് ലഭിക്കുന്നില്ല.



WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :