കള്ളന്‍ കയറിയ കപ്പല്‍

എം ചന്ദ്രസേനന്‍

WEBDUNIA|
മാത്രമല്ല തന്‍റെ സുഹൃത്തില്‍ നിന്നും ആവശ്യമുള്ളവര്‍ക്ക് എത്ര പണം വേണമെങ്കിലും കടമായി സ്വീകരിക്കാവുന്നതാണെന്നും ഗൃഹനാഥന്‍ അറിയിച്ചു. ഇത് എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു നടപടിയായിരുന്നു. കുട്ടികളുടെ പഠനത്തിനും ഭാര്യമാര്‍ക്ക് ആഭരണം വാങ്ങുന്നതിനും, എന്തിന് വൈകുന്നേരങ്ങളിലെ ‘കോക്‍ടെയില്‍ പാര്‍ട്ടി’കള്‍ക്കും ഓരോരുത്തരും കള്ളനെ സമീപിച്ചു.

അവര്‍ക്കെല്ലാം കള്ളന്‍ പണം വാരിക്കോരി നല്‍കി. അവര്‍ വാഴ്ത്തി: “എന്തു ദയ... എന്ത് സ്നേഹം...എത്ര ത്യാഗനിര്‍ഭരമായ ദാനം...”

ഓരോരുത്തരും കള്ളന്‍റെ പക്കല്‍ നിന്ന് വാങ്ങിയ കടം പെരുകിപ്പെരുകി വന്നു. കണക്കുകള്‍ ഒടുവില്‍ കള്ളന്‍ ഗൃഹനാഥനു മുന്നില്‍ അവതരിപ്പിച്ചു. ഗൃഹനാഥന്‍ കുടുംബയോഗം വിളിച്ചു ചേര്‍ത്തു. കള്ളന്‍റെ പക്കന്‍ നിന്ന് വാങ്ങിയ പണം ഉടന്‍ തിരിച്ചുനല്‍കാന്‍ ഗൃഹനാഥന്‍ ഉത്തരവിട്ടു.

അത്രയും വലിയ തുകകള്‍ പെട്ടെന്നു തിരിച്ചു നല്‍കാന്‍ ആര്‍ക്കും കഴിവില്ലായിരുന്നു. ചിലരൊക്കെ മറ്റെവിടെ നിന്നോ ആവശ്യമുള്ള പണം സംഘടിപ്പിച്ചെങ്കിലും പലിശയുടെ കണക്കുകള്‍ പറഞ്ഞ് കള്ളന്‍ അവരെ നിരുത്സാഹപ്പെടുത്തി. പണം നല്‍കാന്‍ തയ്യാറല്ലെങ്കില്‍ അവരവരുടെ പണപ്പെട്ടിയുടെയും അലമാരകളുടെയും നെല്ലറകളുടെയും താക്കോലുകള്‍ തിരിച്ചു നല്‍കുന്നതല്ലെന്ന് കള്ളന്‍ പ്രഖ്യാപിച്ചു. മാത്രമല്ല അവരുടെയൊക്കെ സ്വത്തുവകകളുടെ ആധാരങ്ങളും ഇനി കള്ളന് സ്വന്തമായിരിക്കും.

കള്ളന്‍റെ ആ അഭിപ്രായത്തോട് ഗൃഹനാഥന് യോജിപ്പില്ലായിരുന്നു. എന്നാല്‍ പണം തിരിച്ചു തരാത്തിടത്തോളം കുടുംബാംഗങ്ങളുടെ സ്വത്തുക്കള്‍ താന്‍ തരില്ലെന്നു തന്നെയായിരുന്നു കള്ളന്‍റെ നിലപാട്. മാത്രമല്ല, ഗൃഹനാഥനും തന്‍റെ കൈയ്യില്‍ നിന്ന് പണം വാങ്ങിയെന്നും അതു ഉടന്‍ തിരിച്ചു നല്‍കണമെന്നും കള്ളന്‍ ആവശ്യപ്പെട്ടു.

കുടുംബയോഗത്തില്‍ ആകെ ബഹളമായി. കടം അമിതമായി വാങ്ങിയതിന് തങ്ങളെ വിമര്‍ശിച്ച ഗൃഹനാഥന്‍ തന്നെ കള്ളന്‍റെ കയ്യില്‍ നിന്ന് പണം വാങ്ങിയത് ന്യായമായില്ലെന്ന് ചില അംഗങ്ങള്‍ തുറന്നടിച്ചു. ഗൃഹനാഥന്‍ സ്ഥാനം ഒഴിയണമെന്നു വരെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി.

കള്ളന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചു: “ഈ കൂട്ടുകുടുംബം ഒരു മുങ്ങുന്ന കപ്പലാണ്. ഇതിനുള്ളില്‍ കഴിഞ്ഞു കൂടാന്‍ എനിക്ക് തീരെ താല്‍പ്പര്യമില്ല. എന്‍റെ പക്കല്‍ നിന്ന് കടമായി വാങ്ങിയ പണം തിരിച്ചു തന്നാല്‍ ഞാന്‍ പൊയ്ക്കൊള്ളാം. എന്നാല്‍ അത് നിങ്ങള്‍ക്ക് ഇന്നത്തെ അവസ്ഥയില്‍ തന്നു തീര്‍ക്കാന്‍ സാധിക്കില്ലെന്നു തന്നെയാണ് എന്‍റെ വിശ്വാസം. അതിനാല്‍ ഞാന്‍ എന്‍റെ എളിയ മനസില്‍ തോന്നിയ ഒരേയൊരു പോം‌വഴി പറയാന്‍ അനുവദിക്കണം”. എല്ലാവരും എന്താണ് കള്ളന്‍ പറയാന്‍ പോകുന്നതെന്നറിയാന്‍ കാതു കൂര്‍പ്പിച്ചു.

“ഗൃഹനാഥന്‍റെ സ്ഥാനം ഞാന്‍ ഏറ്റെടുക്കാം. ഇപ്പോള്‍ ഇവിടെയുള്ള എല്ലാ അംഗങ്ങള്‍ക്കും ഇവിടെത്തന്നെ തുടരാം. അവര്‍ തരാനുള്ള കടത്തെപ്പറ്റി ഞാന്‍ ഒരക്ഷരം ചോദിക്കുകയില്ല. എന്നെങ്കിലും എന്‍റെ കടം വീട്ടാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ ഞാന്‍ ഒഴിഞ്ഞു പോവുകയും ചെയ്യാം”-

കള്ളന്‍റെ ആ നിര്‍ദ്ദേശത്തോട് ഭൂരിപക്ഷം പേരും യോജിച്ചു. അഭിപ്രായവ്യത്യാസമുള്ള ചിലര്‍ പ്രതിഷേധം പ്രകടിപ്പിച്ച് കുടുംബയോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. അങ്ങനെ ഇറങ്ങിപ്പോയവരൊക്കെ കുടുംബത്തില്‍ നിന്ന് പുറത്താകുകയും ചെയ്തു.

ഇന്ന് വലിയ തീയും പുകയുമില്ലാതെ കൂട്ടുകുടുംബം നിലനില്‍ക്കുന്നു. കള്ളന്‍റെ കാല്‍ക്കല്‍ വീണ് വണങ്ങി ഓരോ അംഗങ്ങളും ദിവസങ്ങള്‍ തുടങ്ങുന്നു. കള്ളന്‍ കുഴികുത്തി വിളമ്പുന്ന ആഹാരം രുചിയോടെ ഭക്ഷിക്കുന്നു. രാവന്തിയോളം പണിയെടുത്ത് കിട്ടുന്നതെല്ലാം കള്ളന്‍റെ പണപ്പെട്ടിയില്‍ നിക്ഷേപിക്കുന്നു. കുടുംബയോഗങ്ങളില്‍ കള്ളന് ജയ് വിളികള്‍ ഉയരുന്നു. താക്കോല്‍ക്കൂട്ടങ്ങളുടെ നടുവില്‍ കള്ളന്‍ സുഖമായി ഉറങ്ങുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :