അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 നവംബര്‍ 2021 (14:52 IST)
സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയുടെ പുതിയ പരിശീലകനായി മുൻ താരം സാവി ഫെർണാണ്ടസ് ഇന്ന് ഔദ്യോഗിക ചുമതലയേൽക്കും. പുറത്താക്കപ്പെട്ട മുൻ പരിശീലകൻ റൊണാൾഡ് കൂമാന് പകരക്കാരനായാണ് മുൻ ക്ലബ് ഇതിഹാസം ടീമിലേക്ക് മടങ്ങിയെത്തുന്നത്.
ഖത്തർ ക്ലബ് അൽ സാദുമായി രണ്ട് വർഷ കരാർ ബാക്കിയുള്ളതിനാൽ അഞ്ച് ദശലക്ഷം യൂറോ നഷ്‌ടപരിഹാരം നൽകിയാണ് ബാഴ്‌സലോണ സാവിയെ സ്വന്തമാക്കിയത്. ഈമാസം 20ന് എസ്‌പാനിയോളിനെതിരെ ആയിരിക്കും സാവിക്ക് കീഴിൽ ബാഴ്‌സയുടെ ആദ്യ മത്സരം. ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ സാവി ക്ലബിനായി 767 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 25കിരീടവിജയങ്ങളിൽ പങ്കാളിയായ സാവി എട്ട് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ക്ലബിനായി നേടിയിട്ടുണ്ട്.
അതേസമയം ബാഴ്‌സ പരിശീലകനായി ചുമതലയേറ്റെടുക്കുന്ന സാവി ഹെർണാണ്ടസിന് ആശംസയുമായി മുൻതാരം ആന്ദ്രേസ് ഇനിയസ്റ്റ രംഗത്തെത്തി. ബാഴ്‌സലോണയ്ക്ക് ഇപ്പോൾ ഏറ്റവും അനുയോജ്യനായ പരിശീലകൻ സാവിയാണ്. ക്ലബിനെ വൈകാരികമായും സാങ്കേതികമായും അടുത്തറിഞ്ഞയാളാണ് സാവി. ബാഴ്‌സയുടെ പരിശീലന ചുമതല ഏറ്റെടുക്കാനുള്ള പരിചയസമ്പത്ത് സാവി കൈവരിച്ചിട്ടുണ്ടെന്നും ഇനിയസ്റ്റ പറഞ്ഞു.