സജിത്ത്|
Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2016 (10:36 IST)
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ക്യാപ്റ്റൻ നെയ്മർ സസ്പെൻഷൻമൂലം പുറത്തിരുന്നിട്ടും ബ്രസീൽ വെനസ്വേലയ്ക്കെതിരെ 2–0നാണ് തങ്ങളുടെ ജയം ആഘോഷിച്ചത്. ഇതോടെ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താനും ബ്രസീലിന് കഴിഞ്ഞു.
യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്. പത്ത് മത്സരങ്ങളില്‍ നിന്ന് 21 പോയിന്റ് നേടിയാണ് ബ്രസീല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഫ്‌ളഡ്‌ലൈറ്റിന്റെ തകരാര്‍ കാരണം അരമണിക്കൂറോളം മത്സരം തടസ്സപ്പെട്ടിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി താരം ഗബ്രിയോല്‍ ജീസസും ചെല്‍സിയുടെ വില്യനുമാണ് ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടിയത്.
മറ്റൊരു യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന പരാഗ്വയോട് പരാജയപ്പെട്ടു. എതിരില്ലാത്ത ഒരു ഗോളിനാണ് മെസിയില്ലാതെ ഇറങ്ങിയ നീലപ്പടയെ പരാഗ്വായ് തോല്‍പ്പിച്ചത്. 18-ാം മിനിറ്റില്‍ ഡെര്‍ലിസ് ഗോന്‍സാലസിന്റെ ബൂട്ടില്‍ നിന്നായിരുന്നു വിജയഗോള്‍. ഈ തോല്‍വിയോടെ അര്‍ജന്റീന ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.