വയസ്സാനാലും പെർഫോമൻസിലെ കിംഗ്, എഴുതി തള്ളിയവർ അറിയുന്നുണ്ടോ, ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ റോണോയുടെ ബൂട്ടിൽ നിന്നാണെന്ന്

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (13:27 IST)
ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ വിജയത്തോട് കൂടി ഫുട്‌ബോള്‍ ലോകം തന്നെ മെസ്സി എന്ന ഒരൊറ്റ കളിക്കാരന്റെ അപദാനങ്ങള്‍ പാടുന്നതിന്റെ തിരക്കിലായിരുന്നു. അതുവരെ ഫുട്‌ബോള്‍ ലോകത്ത് മെസ്സിയോ റൊണാള്‍ഡോയൊ എന്ന ചര്‍ച്ചയായിരുന്നു നടന്നിരുന്നതെങ്കില്‍ പെട്ടെന്ന് തന്നെ റൊണാള്‍ഡോ എന്ന പേരിന്റെ തിളക്കം മങ്ങിയത് പോലെ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ നിരാശപ്പെടുത്തുന്ന പ്രകടനവും പിന്നാലെ ലോകകപ്പിലെ പോര്‍ച്ചുഗലിന്റെ പുറത്താകലും അര്‍ജന്റീനയുടെ കിരീടവിജയവും റൊണാള്‍ഡോ എന്ന പേരിന്റെ തിളക്കം കുറച്ചിരുന്നു.

ലോകകപ്പ് വിജയവും ഇന്റര്‍ മയാമിക്ക് ലീഗ് കപ്പ് നേടികൊടുത്തതും റൊണാള്‍ഡൊയെ മെസ്സിയുടെ നിഴലിലൊതുക്കാന്‍ കാരണങ്ങളായിരുന്നു. ഇതോടെ റൊണോയുടെ കാലം കഴിഞ്ഞെന്ന് വിധിയെഴുതിയവരാണ് അധികവും എന്നാല്‍ 2023 മുതല്‍ പോരാട്ടവീര്യം കൈവിട്ടിട്ടില്ലാത്ത പ്രായം തളര്‍ത്താത്ത റൊണാള്‍ഡോയെയാണ് കളിക്കളത്തില്‍ കാണാനാവുന്നത്. സൗദി ക്ലബായ അല്‍ നസ്‌റിനായും പോര്‍ച്ചുഗല്‍ ദേശീയ ടീമിനായും റൊണാള്‍ഡോ തകര്‍പ്പന്‍ ഫോമിലാണ്.

ഇന്നലെ ബോസ്‌നിയക്കെതിരെ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിനായി ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കിയതോടെ 2023ല്‍ ഏറ്റവുമധികം ഗോള്‍ നേടൂന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് റൊണാള്‍ഡോ. 2023ല്‍ കളിച്ച 43 മത്സരങ്ങളില്‍ നിന്നും 40 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. 39 ഗോളുകള്‍ സ്വന്തമാക്കിയ എര്‍ലിങ്ങ് ഹാലന്‍ഡ് രണ്ടാം സ്ഥാനത്തും 35 ഗോളുകളുമായി ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ്. യൂറോ കപ്പ് യോഗ്യത റൗണ്ടിലും ടോപ് സ്‌കോറര്‍മാരില്‍ ഒരാളാണ് റൊണാള്‍ഡോ. തന്റെ 38മത് വയസ്സിലാണ് ഇരുപതുകളിലുള്ള എംബാപ്പെ, ഹാലന്‍ഡ് എന്നിവര്‍ക്ക് മേലെ റൊണോ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :