അഭിറാം മനോഹർ|
Last Modified ഞായര്‍, 20 ഓഗസ്റ്റ് 2023 (13:53 IST)
മെസ്സി തന്റെ ബാല്യകാലം മുതല്‍ ചിലവഴിച്ച ക്ലബായ ബാഴ്‌സലോണയില്‍ നിന്നും പോകാന്‍ കാരണമായത് ബാഴ്‌സയിലെ സഹതാരമായ ജെറാള്‍ഡ് പിക്കെയെന്ന് റിപ്പോര്‍ട്ട്. 2021ലെ കോപ്പ അമേരിക്ക കപ്പ് വിജയിച്ചതിന് ശേഷം ബാഴ്‌സയില്‍ തുടരാനാണ് മെസ്സി ആഗ്രഹിച്ചിരുന്നത്. എന്നാല്‍ മെസ്സിയുമായുള്ള കരാര്‍ തുടരാനാകില്ല എന്ന് ക്ലബ് മെസ്സിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹൃദയം തകരുന്ന വേദനയില്‍ മെസ്സി ക്ലബ് വിടുകയായിരുന്നു.
സ്പാനിഷ് മാധ്യമങ്ങളാണ് മെസ്സി ബാഴ്‌സയില്‍ നിന്നും പുറത്തുപോകാന്‍ കാരണമായതിനെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മെസ്സിയെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ സഹതാരമായ ജെറാള്‍ഡ് പീക്കെ ബാഴ്‌സലോണ പ്രസിഡന്റായ ലാപ്പോര്‍ട്ടയെ സ്വാധീനിച്ചുവെന്നും മെസ്സി ക്ലബില്‍ നിന്നും ഒഴിവായാല്‍ ബാഴ്‌സലോണയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തതായി സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു.
ക്ലബ് വിട്ട് ദിവസം മെസ്സി ബാഴ്‌സയുടെ ഡ്രെസ്സിംഗ് റൂമില്‍ യൂദാസ് എന്ന് എഴുതിവെച്ചുവെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. സ്പാനിഷ് മാധ്യമമായ മാര്‍ക്കയും മറ്റ് മാധ്യമങ്ങളും ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലബ് വിട്ട ശേഷം മെസ്സി ഡ്രെസ്സിംഗ് റൂമില്‍ യൂദാസ് എന്ന് എഴുതിവെച്ചു. പിന്നീട് ഡ്രെസിംഗ് റൂമിലെത്തിയ പീക്കെ ഇതാരാണ് എഴുതിയതെന്ന് ജോര്‍ഡി ആല്‍ബയോട് ചോദിച്ചെന്നും മാധ്യമങ്ങള്‍ പറയുന്നു.
തന്റെ സാധനങ്ങള്‍ എടുക്കാനായി മെസ്സി ഡ്രെസ്സിംഗ് റൂമില്‍ പോയ വഴിക്കാണ് വലിയ അക്ഷരത്തില്‍ മെസ്സി യൂദാസ് എന്ന് എഴുതിവെച്ചത്. പീക്കെ ഇതിനെ പറ്റി ജോര്‍ഡി ആല്‍ബയോട് ചോദിച്ചപ്പോള്‍ നിങ്ങളെ ഉദ്ദേശിച്ചാണ് എന്ന മറുപടിയാണ് ജോര്‍ഡി ആല്‍ബ നല്‍കിയതെന്നും സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു.