എംബാപ്പെയുമായി രസത്തിലല്ല, ടീം മാനേജ്‌മെന്റുമായും ഉടക്ക്; നെയ്മറെ വില്‍ക്കാന്‍ പി.എസ്.ജി

മൊണോക്കോയ്‌ക്കെതിരായ മത്സരത്തില്‍ 3-1 ന് പി.എസ്.ജി. തോല്‍വി വഴങ്ങിയിരുന്നു

രേണുക വേണു| Last Modified ചൊവ്വ, 14 ഫെബ്രുവരി 2023 (08:33 IST)

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറെ വില്‍ക്കാന്‍ ഒരുങ്ങി പി.എസ്.ജി. സമ്മര്‍ സീസണില്‍ നെയ്മറെ ട്രാന്‍സ്ഫറിനായി വയ്ക്കാന്‍ പാരീസ് സെയ്ന്റ് ജെര്‍മന്‍ ക്ലബ് തീരുമാനിച്ചിട്ടുണ്ട്. എംബാപ്പെയുമായുള്ള സ്വര്‍ചേര്‍ച്ച കുറവ്, ടീം മാനേജ്‌മെന്റുമായുള്ള ഉടക്ക് എന്നിവയാണ് നെയ്മറെ വില്‍ക്കാന്‍ പി.എസ്.ജിയെ പ്രേരിപ്പിക്കുന്നത്. പ്രശസ്ത കായിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൊണോക്കോയ്‌ക്കെതിരായ മത്സരത്തില്‍ 3-1 ന് പി.എസ്.ജി. തോല്‍വി വഴങ്ങിയിരുന്നു. ഈ മത്സരത്തിനു പിന്നാലെ ടീം മാനേജ്‌മെന്റ് നെയ്മറെ രൂക്ഷമായി വിമര്‍ശിക്കുകയും ടീം മാനേജ്‌മെന്റിനോട് നെയ്മര്‍ തിരിച്ചും രൂക്ഷമായി പ്രതികരിച്ചെന്നാണ് വാര്‍ത്ത. എംബാപ്പെയും മെസിയും ഇല്ലാതെയാണ് മൊണോക്കോയ്‌ക്കെതിരെ പി.എസ്.ജി. ഇറങ്ങിയത്. നെയ്മര്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും താരത്തിനു കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല.

ഡ്രസിങ് റൂമില്‍ വെച്ച് പി.എസ്.ജി. സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ലൂയിസ് കംപോസുമായി നെയ്മര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായാണ് വിവരം. പി.എസ്.ജിയിലെ മറ്റ് താരങ്ങളോട് മത്സരത്തിനിടയിലും മത്സരശേഷവും നെയ്മര്‍ ദേഷ്യപ്പെട്ട് സംസാരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പി.എസ്.ജി. നെയ്മറെ വില്‍ക്കുകയാണെങ്കില്‍ ബാഴ്‌സലോണ, ചെല്‍സി എന്നിവര്‍ താരത്തെ സ്വന്തമാക്കാന്‍ മത്സരരംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :