മെസി പി.എസ്.ജി.യിലേക്ക് പോകുന്നത് മൂന്ന് വര്‍ഷത്തെ കരാറില്‍; ഓഗസ്റ്റ് 10 ന് വന്‍ പ്രഖ്യാപനം

രേണുക വേണു| Last Modified ശനി, 7 ഓഗസ്റ്റ് 2021 (09:46 IST)

ബാഴ്‌സലോണ വിട്ട സൂപ്പര്‍താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യിലേക്ക്. മൂന്ന് വര്‍ഷത്തെ കരാറിലാണ് മെസി പി.എസ്.ജി.യിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് പത്തിനുണ്ടാകുമെന്നും ഫ്രഞ്ച് കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസി പി.എസ്.ജി.യിലേക്ക് എത്താനുള്ള സാധ്യത ശക്തമാണെന്ന് പരിശീലകന്‍ മൗറീഷ്യോ പറഞ്ഞു. പ്രതിഫലവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജെയുമായി ഓഗസ്റ്റ് ഒന്‍പത് തിങ്കളാഴ്ച പി.എസ്.ജി. മാനേജ്‌മെന്റ് ചര്‍ച്ച നടത്തുമെന്ന് ഇ.എസ്.പി.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നു. മെസിയുടെ പ്രതിഫലത്തിന്റെ കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. വന്‍ പ്രതിഫലമാണ് പി.എസ്.ജി. മെസിക്കായി ഓഫര്‍ ചെയ്തിരിക്കുന്നതെന്നും മെസിയെ ടീമിലെത്തിക്കാന്‍ വേണ്ടി ചില താരങ്ങളെ വിട്ടുനല്‍കാന്‍ ക്ലബ് തയ്യാറാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോള്‍ പോഗ്‌ബെയെ ടീമിലെത്തിക്കാന്‍ പി.എസ്.ജി. ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, മെസി എത്തുകയാണെങ്കില്‍ പോഗ്‌ബെയ്ക്കായുള്ള വിലപേശല്‍ പി.എസ്.ജി. അവസാനിപ്പിച്ചേക്കുമെന്നും ഇ.എസ്.പി.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :