Messi: ബാഴ്സയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ഒരിക്കൽ കൂടെ ഭാവി മറ്റുള്ളവരുടെ കയ്യിൽ കൊടുക്കാനാകില്ല: മെസ്സി

അഭിറാം മനോഹർ| Last Updated: വ്യാഴം, 8 ജൂണ്‍ 2023 (17:58 IST)
പിഎസ്ജി വിട്ട സൂപ്പര്‍ താരം ലയണല്‍ മെസ്സി അമേരിക്കന്‍ ഫുട്‌ബോള്‍ ക്ലബായ ഇന്റര്‍ മിയാമിയിലേക്കെന്ന വാര്‍ത്തയില്‍ കഴിഞ്ഞ ദിവസമാണ് സ്ഥിരീകരണമുണ്ടായത്. സൗദി ക്ലബായ അല്‍ ഹിലാലിന്റെ വമ്പന്‍ ഓഫര്‍ തള്ളികളഞ്ഞാണ് ഇന്റര്‍ മിയാമിയിലേക്ക് താരം പോകുന്നത്. താന്‍ ബാഴ്‌സലോണയില്‍ മടങ്ങാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഒരിക്കല്‍ കൂടി നേരത്തെ കടന്നുപോയ സാഹചര്യങ്ങളിലൂടെ കടന്നുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മെസ്സി പറഞ്ഞു.

ബാഴ്‌സയിലേക്ക് തിരിച്ചെത്താന്‍ തന്നെയായിരുന്നു ഞാന്‍ ആഗ്രഹിച്ചിരിന്നത്. മടങ്ങിവരാന്‍ ഞാന്‍ വലിയ ആവേശത്തിലുമായിരുന്നു. പക്ഷേ കഴിഞ്ഞ തവണ ബാഴ്‌സലോണ വിട്ടപ്പോള്‍ ഞാന്‍ അനുഭവിച്ച അവസ്ഥയിലൂടെ എനിക്ക് ഒരിക്കല്‍ കൂടി കടന്നുപോകാന്‍ ആഗ്രഹമില്ല. എന്റെ ഭാവി മറ്റൊരാളുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാന്‍ തിരികെയെത്തണമെങ്കില്‍ എനിക്ക് വേണ്ടി ബാഴ്‌സലോണയ്ക്ക് മറ്റ് കളിക്കാരെ വില്‍ക്കേണ്ടി വരികയും മറ്റ് താരങ്ങളുടെ വേതനം കുറയ്‌ക്കേണ്ടി വരികയും ചെയ്യും. അതിലൂടെ കടന്നുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മെസ്സി പറയുന്നു.

എനിക്ക് മറ്റ് യൂറോപ്യന്‍ ക്ലബുകളില്‍ നിന്നും ഓഫറുകള്‍ ഉണ്ടായിരുന്നു. ഞാന്‍ അതൊന്നും പരിഗണിച്ചിരുന്നില്ല. യൂറോപ്പില്‍ ബാഴ്‌സയിലേക്ക് പോവുക എന്ന് മാത്രമായിരുന്നു എന്റെ മുന്നിലുണ്ടായിരുന്നത്. എന്റെ തീരുമാനത്തിന് പിന്നില്‍ പണമല്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഞാന്‍ സൗദി അറേബ്യയിലേക്ക് പോവുമായിരുന്നു. എന്റെ തീരുമാനത്തിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്. അത് പണമല്ല. മെസ്സി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :