ജിതിൻ|
Last Modified ചൊവ്വ, 5 നവംബര്‍ 2019 (10:48 IST)
ഇറ്റാലിയൻ
ഫുട്ബോൾ ലീഗിൽ വംശീയ അധിക്ഷേപങ്ങൾ അവസാനിക്കുന്നില്ല എന്ന് തെളിയിച്ചുകൊണ്ടാണ് ലീഗിൽ ഇത്തവണ ബ്രെസിയ, ഹെല്ലാസ് വെറോണ മത്സരം നടന്നത്. വർണവെറിയൻമാർ സ്ഥിരമായി ലക്ഷ്യം വയ്ക്കുന്ന ഇറ്റാലിയൻ താരം മരിയോ ബലോട്ടെല്ലി തന്നെയാണ് ഇത്തവണയും അതിക്ഷേപങ്ങൾക്ക് ഇരയായത്.
ഗാലറിയിൽ നിന്നുള്ള ഹെല്ലാസ് വെറോണ ആരാധകരുടെ മങ്കീ വിളികൾ ഇത്തവണ താരത്തെ ക്ഷുപിതനാക്കി. പന്ത് ഗാലറിയിലേക്ക് ഉയർത്തിയടിച്ച് മൈതാനം വിടാനൊരുങ്ങിയാണ് താരം ഇത്തവണ വർണവെറിയന്മാർക്കെതിരെ പ്രതികരിച്ചത്. താരത്തെ ബ്രെസിയ ടീമിലെ സഹതാരങ്ങൾ ചേർന്ന് പിന്തിരിപ്പിക്കുകയാണ് പിന്നീട് ഉണ്ടായത്.
എന്നാൽ സഹകളിക്കാർ ബലോട്ടെല്ലിക്കൊപ്പം മത്സരം ബഹിഷ്കരിക്കണമായിരുന്നു എന്നാണ് ട്വിറ്ററിൽ പൊതുവേയുള്ള പ്രതികരണം. മത്സരത്തിൽ ബലോട്ടെല്ലി ഒരു ഗോൾ നേടിയെങ്കിലും വെറോണ 2–1ന് വിജയിക്കുകയായിരുന്നു.
ആഫ്രിക്കൻ വംശജരായ കളിക്കാർ വംശീയ അധിക്ഷേപങ്ങൾക്കു വിധേയരാകുന്നത് ഇതാദ്യമായിട്ടല്ല. നേരത്തെ ഇന്റർ മിലാൻ സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിനെ കാഗ്ലിയാരി ആരാധകർ അധിക്ഷേപിച്ചത് വൻ വിവാദമായിരുന്നു.
സ്ഥിതിഗതികൾ ഒന്നും മാറിയിട്ടില്ല എന്നാണ് 6 വർഷം മുൻപ് തനിക്കെതിരെ നടന്ന വംശീയമായ അധിക്ഷേപത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ജെർമൻ താരം കെവിൻ പ്രിൻസ് ബോട്ടെങ് സംഭവത്തെപ്പറ്റി പ്രതികരിച്ചത്.