അഭിറാം മനോഹർ|
Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (12:33 IST)
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ അട്ടിമറിയുടെ ദിനം. കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ്,
ലിവർപൂൾ ടീമുകളാണ് ഇന്നലെ പരാജയം രുചിച്ചത്. ടോട്ടന്നത്തിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ പരാജയമറിഞ്ഞത്. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ ആസ്റ്റൺ വില്ല 7-2ന് അട്ടിമറിച്ചു.
ആസ്റ്റൺ വില്ലയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലിവർപൂൾ തകർന്നടിയുകയായിരുന്നു. ആസ്റ്റൺ വില്ലക്കായി ഒലി വാറ്റ്കിൻസ് ആസ്റ്റൺ വില്ലയ്ക്കായി മൂന്നു ഗോളടിച്ചപ്പോൾ ജാക്ക് ഗ്രീലിഷ് ഇരട്ടഗോൾ നേടി. ജോൺ മക്ഗിനും റോസ് ബാർക്ലിയും ഓരോ ഗോൾ വീതം അടിച്ചു. മുഹമ്മദ് സലയാണ് ലിവർപൂളിന്റെ രണ്ട് ഗോളുകളും നേടിയത്. 1953-ന് ശേഷം ആദ്യമായാണ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ ഒരു ടീം ഏഴ് ഗോളുകൾ വഴങ്ങുന്നത്.
അതേസമയം സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിലാണ് മാഞ്ചസ്റ്റർ നാണക്കേടിലേക്ക് കൂപ്പുകുത്തിയത്. യുണൈറ്റഡിന്റെ മുൻ പരിശീലകനായ ഹൗസെ മൗറിന്യോയുടെ ടീമായ ടോട്ടൻഹാം യുണൈറ്റഡിനെ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.