ഫൈനലിൽ ഹാട്രിക് നേട്ടം പിറക്കുന്നത് 56 വർഷങ്ങൾക്ക് ശേഷം, പരാജയത്തിലും തലയുയർത്തി എംബാപ്പെ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (12:29 IST)
ഏറെ കാലമായി ലയണൽ മെസ്സി കൊതിക്കുന്ന ലോകകിരീടമെന്ന നേട്ടം അർജൻ്റൈൻ ടീം സ്വന്തമാക്കുമോ എന്ന ചോദ്യമായിരുന്നു ലോകകപ്പ് ഫൈനലിൽ ഏറ്റവുമധികം ഉയർന്നു കേട്ടത്. മെസ്സിയ്ക്ക് ഒരു ലോകകപ്പ് സമ്മാനിക്കാനായി കയ്യും മെയ്യും മറന്ന് അർജൻ്റൈൻ താരങ്ങൾ കളത്തിലിറങ്ങിയപ്പോൾ ഫ്രാൻസിനെ ചിത്രത്തിലെ കാണാനാവത്ത വിധം ആധിപത്യം സ്ഥാപിച്ചുകൊണ്ടാണ് അർജൻ്റീന ആദ്യപകുതിയിൽ കളിച്ചത്.

എന്നാൽ മത്സരത്തിൻ്റെ എൺപതാം മിനുട്ടിൽ ലഭിച്ച പെനാൽട്ടിയിലൂടെ അതുവരെ തൊട്ടുമുൻപിൽ കണ്ടിരുന്ന ലോകകിരീടം പെട്ടെന്ന് തന്നെ ഒരുപാട് ദൂരത്താകുന്ന കാഴ്ചയാണ് കാണാനായത്. ആദ്യ പെനാൽട്ടിക്ക് തൊട്ട് പിന്നാലെ വീണ്ടും വലകുലുക്കിയ കിലിയൻ എംബാപ്പെ അർജൻ്റൈൻ ആരാധകരുടെ ഹൃദയം നിശ്ചലമാക്കി. അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ മെസ്സിയിലൂടെ അർജൻ്റീന ലീഡ് എടുത്തെങ്കിലും വീണ്ടുമൊരൂ പെനാൽട്ടിയിലൂടെ ഫ്രാൻസ് സമനില വീണ്ടെടുത്തു.

ഇതോടെ മത്സരത്തിൽ ഹാട്രിക് നേട്ടം സ്വന്തമാക്കാനും പെനാൽട്ടി ഷൂട്ടൗട്ട് വരെ മത്സരമെത്തിക്കാനും എംബാപ്പെയ്ക്കായി. ഫ്രാൻസ് തീർത്തും നിറം മങ്ങിയ മത്സരത്തിൽ പോരാട്ടം എംബാപ്പെയും അർജൻ്റീനയും തമ്മിലായിരുന്നു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. ഹാട്രിക് ഗോൾ നേട്ടത്തോടെ 56 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ഹാട്രിക് ഗോൾ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടം എംബാപ്പെ സ്വന്തമാക്കി.

1966ൽ ജർമനിക്കെതിരായ ഫൈനലിൽ ഇംഗ്ലണ്ടിന് വേണ്ടി 3 തവണ വലകുലുക്കിയ ജ്യോഫ് ഹസ്റ്റാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. ഫൈനലിലെ ഹാട്രിക് അടക്കം ഈ ലോകകപ്പിൽ ആകെ എട്ട് ഗോളുകളാണ് എംബാപ്പെ സ്വന്തമാക്കിയത്. 2 ലോകകപ്പുകളിൽ നിന്ന് 12 ഗോളുകൾ ഇതിനകം തന്നെ എംബാപ്പെ നേടി കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :