Kerala Blasters: ലൂണയ്ക്കു നേരെ കയ്യോങ്ങി നോവ; കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തമ്മിലടി, ജയിച്ചിട്ടും നാണക്കേട് (വീഡിയോ)

ചെന്നൈയില്‍ ഗോള്‍ പോസ്റ്റിനു മുന്നില്‍വെച്ച് നോവ സുവര്‍ണാവസരം തുലച്ചതോടെയാണ് നായകന്‍ ലൂണ പ്രകോപിതനായത്

Kerala Blasters, Luna vs Noah, Kerala Blasters Controversy, Luna vs Noah fight Video
രേണുക വേണു| Last Modified വെള്ളി, 31 ജനുവരി 2025 (09:32 IST)
Kerala Blasters

Kerala Blasters: ഐഎസ്എല്‍ മത്സരത്തിനിടെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ തമ്മിലുണ്ടായ വാക്‌പോര് വിവാദമാകുന്നു. ചെന്നൈയിന്‍ എഫ്.സിക്കെതിരായ മത്സരത്തില്‍ 3-1 ന്റെ മിന്നുന്ന ജയം സ്വന്തമാക്കിയിട്ടും ഒരേ ടീമിലെ താരങ്ങള്‍ തമ്മില്‍ ഗ്രൗണ്ടില്‍ വെച്ച് കയ്യേറ്റത്തിന്റെ വക്കോളം എത്തിയത് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ നിരാശരാക്കുന്നു. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ ഏതാനും സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയന്‍ ലൂണയും മൊറോക്കന്‍ ഫോര്‍വേഡ് നോവ സദൂയിയും ഏറ്റുമുട്ടിയത്.

ചെന്നൈയില്‍ ഗോള്‍ പോസ്റ്റിനു മുന്നില്‍വെച്ച് നോവ സുവര്‍ണാവസരം തുലച്ചതോടെയാണ് നായകന്‍ ലൂണ പ്രകോപിതനായത്. നോവയ്‌ക്കൊപ്പം ലൂണയും ഇന്ത്യന്‍ ഫോര്‍വേഡ് ഇഷാന്‍ പണ്ഡിതയും ഈ സമയത്ത് ചെന്നൈയിന്‍ ബോക്‌സില്‍ ഉണ്ടായിരുന്നു. നോവ പാസ് നല്‍കാതെ ഗോള്‍ അടിക്കാന്‍ ശ്രമിക്കുകയും അവസരം പാഴാക്കുകയും ചെയ്തു. ഒരുപക്ഷേ പാസ് നല്‍കിയിരുന്നെങ്കില്‍ ഉറപ്പായും അത് ഗോള്‍ ആകുമായിരുന്നു. തന്നെയും ഇഷാന്‍ പണ്ഡിതയെയും മാര്‍ക്ക് ചെയ്യാന്‍ എതിര്‍ ടീമിലെ താരങ്ങള്‍ ഇല്ലെന്ന് കണ്ടിട്ടും പാസ് നല്‍കാന്‍ നോവ തയ്യാറാകാതിരുന്നത് ലൂണയ്ക്കു പിടിച്ചില്ല. അവസരം നഷ്ടമായ ഉടന്‍ ലൂണ നോവയെ ചോദ്യം ചെയ്തു. ഇത് പിന്നീട് കയ്യാങ്കളിയുടെ വക്കോളമെത്തി.

'എന്തുകൊണ്ട് പാസ് നല്‍കിയില്ല' എന്നു ചോദിച്ച് ലൂണ നോവയുടെ അടുത്തേക്ക് കുതിച്ചെത്തി. ഉടന്‍ തന്നെ നോവ ലൂണയെ കൈകൊണ്ട് തള്ളിമാറ്റി. ഇരുവരും ഷോല്‍ഡര്‍ കൊണ്ട് ഇടിക്കുന്നതും വീഡിയോയില്‍ കാണാം. പണ്ഡിത ഇടപെട്ട് രണ്ട് താരങ്ങളെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. പണ്ഡിത പിടിച്ചുമാറ്റുന്നതിനിടെ നോവ ലൂണയ്ക്കു നേരെ കയ്യോങ്ങി. ഒരേ ടീമിലെ താരങ്ങള്‍ തമ്മിലടിക്കുന്നത് കണ്ട് എതിര്‍ ടീം അംഗങ്ങളും ഗ്യാലറിയില്‍ ഉണ്ടായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും ഞെട്ടി. 'അവിശ്വസനീയം' എന്നാണ് ഈ സമയത്ത് കമന്റേറ്റര്‍മാര്‍ പറഞ്ഞത്.
അതേസമയം നോവ സദൂയിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി അഡ്രിയന്‍ ലൂണ മത്സരശേഷം പ്രതികരിച്ചു. ചെന്നൈയിനെതിരെ നോവ ആദ്യ ഇലവനില്‍ ഇറങ്ങിയില്ല. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിലാണു താരത്തെ ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടിലിറക്കിയത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :