ഐഎസ്എൽ മത്സരങ്ങൾ സൗജന്യമായി യുട്യൂബിൽ കാണാം; സന്തോഷവാർത്ത
Kerala Blasters
ഫുട്‌ബോൾ ആരാധകർക്ക് ഒരു സന്തോഷവാർത്ത, ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരങ്ങൾ ഇനി യുട്യൂബിൽ കാണാം. 2026-27 സീസണിലെ എല്ലാ മത്സരങ്ങളും യുട്യൂബിലൂടെ സൗജന്യമായി സംപ്രേഷണം ചെയ്യുമെന്നാണ് ഐഎസ്എൽ പ്രഖ്യാപിച്ചിരിക്കുന്നത്.
സബ്‌സ്‌ക്രിപ്ഷൻ നിരക്കുകൾ ഒഴിവാക്കി കൂടുതൽ ഫുട്ബോൾ ആരാധകരിലേക്ക് മത്സരങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലീഗ് അധികൃതർ ഈ തീരുമാനം എടുത്തത്. ഒക്ടോബർ 10 നാണ് ഇത്തവണ സീസൺ ആരംഭിക്കുക.
യുട്യൂബിന് പുറമേ സോണി ലിവ് ഒടിടി പ്ലാറ്റ്‌ഫോമിലും ഡിജിറ്റൽ സംപ്രേഷണം ലഭ്യമായിരിക്കും. പുതിയ സീസണിൽ 163 മത്സരങ്ങളാണ് ഉള്ളത്. ഇതെല്ലാം യുട്യൂബിൽ സൗജന്യമായി കാണാം.
മുൻ സീസണിലെ ദൈർഘ്യം കുറഞ്ഞ ഒറ്റ ലെഗ് മത്സരരീതിക്ക് പകരം പരമ്പരാഗത ഹോം-ആൻഡ്-എവേ ഫോർമാറ്റിലേക്ക് ഐഎസ്എൽ തിരിച്ചെത്തുകയാണ്. ഒക്ടോബർ 10 മുതൽ 2027 മേയ് വരെ നീണ്ടുനിൽക്കുന്ന എട്ട് മാസത്തോളമുള്ള ടൂർണമെന്റാണ് ഇത്. ആദ്യ ഘട്ടത്തിൽ ജനുവരി 17 വരെ 78 മത്സരങ്ങൾ നടക്കും. ആദ്യ ഘട്ടത്തിലെ 53 മത്സരങ്ങളും വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
