മാസ്‌ക് എപ്പോഴും ധരിക്കണം, ഗ്രൂപ്പ് ഫോട്ടോ പാടില്ല, ഒളിമ്പിക്‌സിൽ കായിക താരങ്ങൾക്കുള്ള നിർദേശങ്ങൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified വെള്ളി, 16 ജൂലൈ 2021 (15:17 IST)
ലോകത്തിന്റെ കായികമാമാങ്കത്തിന്റെ ആവേശകാഴ്‌ച്ചകൾക്ക് ആരംഭമാവാൻ ഒരാഴ്‌ച്ച മാത്രം ബാക്കി നിൽക്കെ നിയന്ത്രണങ്ങൾ കർശനമാക്കി ഒളിമ്പിക് കമ്മിറ്റി. നേരത്തെ കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജപ്പാനിൽ ഒളിമ്പിക്‌സ് കഴിയുന്നത് വരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന‌ത്.

സാധാരണ ഒളിമ്പിക്‌സിൽ ഉണ്ടാവാറുള്ള സമ്മാനദാനചടങ്ങിന് പകരം ഇത്തവണ താരങ്ങൾ സ്വന്തമായി കഴുത്തിലണിയണം. സാമൂഹ്യ അകലം പാലിച്ചായിരിക്കും എല്ലാ ചടങ്ങുകളും നടക്കുക. കൂടാതെ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങളും മറ്റ് ഉദ്യോഗസ്ഥരുമടക്കം എല്ലാവരും മാസ്‌ക് ധരിക്കണം എന്ന സുപ്രധാന നിർദേശവും ഒളി‌മ്പിക്‌സ് കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്.

സംഘം ചേര്‍ന്നുള്ള ഫോട്ടോകള്‍ എടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കാണികൾക്ക് പ്രവേശനമില്ലാത്ത അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടക്കുന്നതിനാൽ ഈ നിയമങ്ങളെല്ലാം കര്‍ശനമായി പാലിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന എല്ലാവരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം എന്ന നിർദേശവും കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം തന്നെ നടക്കേണ്ട ഒളിംപിക്‌സാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവെച്ചത്. 15000 ലധികം ആളുകളാണ് ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് 150ലധികം അത്‌ലറ്റുകളും ഒളിംപിക്‌സില്‍ പങ്കെടുക്കുന്നുണ്ട്. ഈ വർഷമെങ്കിലും ഒളിമ്പിക്‌സ് നടത്താനായില്ലെങ്കിൽ കടുത്ത സാമ്പത്തിക ബാധ്യത സംഘാടകർക്കുണ്ടാകും എന്നത് പരിഗണിച്ചാണ് കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ഒളിമ്പിക്‌സ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :