അഭിറാം മനോഹർ|
Last Modified വെള്ളി, 18 നവംബര്‍ 2022 (13:20 IST)
ഇത്തവണത്തെ ലോകകപ്പിലെ ടോപ്പ് ഫേവറേറ്റുകളാണ് അർജൻ്റീന. തുടർച്ചയായ 36 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുന്ന ടീം പക്ഷേ ലോകകപ്പടുക്കുമ്പോൾ വലിയ പ്രതിസന്ധിയിലാണ്. മെസ്സിയെ കേന്ദ്രീകരിച്ചു കളിക്കുന്ന ടീമിൽ മെസ്സിക്ക് നിരന്തരം പന്തെത്തിക്കുന്നതിൽ വലിയ വിജയമായിരുന്ന ലോ സെൽസോയുടെ പരിക്ക് ടീമിനെ പിൻസീറ്റിലാക്കുമ്പോൾ മറ്റ് 2 താരങ്ങൾക്ക് കൂടി പരിക്കേറ്റത് അർജൻ്റീനയുടെ ലോകകപ്പ് സ്വപ്നങ്ങളെ ആശങ്കയിലാക്കുകയാണ്.
മുന്നേറ്റനിര താരങ്ങളായ നിക്കോ ഗോൺസാലസ്, ജൊവാക്വിൻ കൊറിയ എന്നിവരാണ് ടീമിന് പുറത്തു പോയിരിക്കുന്നത്. നിക്കോ ഗോൺസാലസ് പുറത്തു പോകുമെന്ന് അപ്പോൾ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ജൊവാക്വിൻ കൊറീയ ടീമിൽ നിന്നും ഒഴിവാക്കപ്പെടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
നിക്കോ ഗോൺസാലസിന് പകരം അത്ലറ്റികോ മാഡ്രിഡിൻ്റെ മുന്നേറ്റനിരതാരം ഏഞ്ചൽ കൊറേറ്റ ടീമിലെത്തി. തിയാഗോ അൽമാഡയാണ് ജോവാക്വിന് പകരം ടീമിലെത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തകർപ്പൻ പ്രകടനം നടത്തുന്ന അലസാന്ദ്രോ ഗർണച്ചോയെ ടീമിലുൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. നിർണായകതാരമായ ലോ സെൽസോയ്ക്ക് പുറമെ ടീമിലെ മുന്നേറ്റനിരക്കാർ കൂടി പരിക്കേറ്റ് മടങ്ങിയതോടെ വലിയ ആശങ്കയിലാണ് അർജൻ്റീനൻ ടീം.