രേണുക വേണു|
Last Modified തിങ്കള്‍, 28 നവംബര്‍ 2022 (08:02 IST)
സ്‌പെയിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചതോടെ ജര്‍മനി ലോകകപ്പില്‍ നിന്ന് പുറത്തായോ എന്നാണ് ആരാധകരുടെ സംശയം. ജപ്പാനെതിരായ ആദ്യ മത്സരത്തില്‍ ജര്‍മനി തോല്‍വി വഴങ്ങിയിരുന്നു. ഇതുവരെ ഒരു കളി പോലും ജര്‍മനിക്ക് ജയിക്കാനും സാധിച്ചിട്ടില്ല. എങ്കിലും ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി എന്ന് പറയാറായിട്ടില്ല. ഗ്രൂപ്പ് ഇയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്താന്‍ ജര്‍മനിക്ക് ഇനിയും സാധ്യതയുണ്ട്.
കോസ്റ്ററിക്കയ്‌ക്കെതിരെയാണ് ജര്‍മനിയുടെ ശേഷിക്കുന്ന മത്സരം. ഈ കളിയില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ജര്‍മനിയുടെ മുന്നോട്ടുള്ള യാത്രയില്‍ ഉപകരിക്കില്ല. അതായത് കോസ്റ്ററിക്കയ്‌ക്കെതിരെ ജയിക്കുക തന്നെ വേണം. മത്സരം സമനിലയില്‍ ആയാല്‍ പോലും ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകും.
ജര്‍മനി കോസ്റ്ററിക്കയ്‌ക്കെതിരെ ജയിക്കുന്നതിനൊപ്പം സ്‌പെയിന്‍ ജപ്പാനെ തോല്‍പ്പിക്കുകയും വേണം. അങ്ങനെ വന്നാല്‍ ഗ്രൂപ്പ് ഇയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി സ്‌പെയിന്‍ കയറും. കോസ്റ്ററിക്കയ്‌ക്കെതിരെ ജയിച്ചാല്‍ രണ്ടാം സ്ഥാനക്കാരായി ജര്‍മനിയും പ്രീ ക്വാര്‍ട്ടറില്‍ എത്തും.
കോസ്റ്ററിക്കയ്‌ക്കെതിരെ ജര്‍മനി ജയിക്കുകയും സ്‌പെയിന്‍-ജപ്പാന്‍ മത്സരം സമനിലയില്‍ ആകുകയും ചെയ്താല്‍ ജപ്പാനും ജര്‍മനിക്കും ഒരേ പോയിന്റ് ആകും. അങ്ങനെ വന്നാല്‍ ഗോള്‍ ശരാശരി നോക്കിയാണ് പ്രീ ക്വാര്‍ട്ടറിലേക്ക് എത്തുന്ന രണ്ടാം ടീമിനെ തീരുമാനിക്കുക. അതുകൊണ്ട് കോസ്റ്ററിക്കയ്‌ക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളിന്റെയെങ്കിലും മുന്‍തൂക്കത്തില്‍ ജയിക്കുകയാണ് ജര്‍മനിക്ക് വേണ്ടത്.
അതേസമയം, സ്‌പെയിനെ ജപ്പാന്‍ അട്ടിമറിക്കുകയും കോസ്റ്ററിക്കയ്‌ക്കെതിരെ ജര്‍മനി ജയിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ വളരെ സങ്കീര്‍ണമാകും. ഇങ്ങനെ സംഭവിച്ചാല്‍ ജപ്പാന്‍ ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ എത്തും. രണ്ടാം സ്ഥാനത്തേക്ക് വേണ്ടി സ്‌പെയിനും ജര്‍മനിയും തമ്മിലുള്ള ഗോള്‍ ശരാശരി താരതമ്യം ചെയ്യും. അത് ചിലപ്പോള്‍ ജര്‍മനിക്ക് തിരിച്ചടിയാകും. കാരണം കോസ്റ്ററിക്കയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളിനാണ് സ്‌പെയിന്‍ ജയിച്ചത്. ഗോള്‍ ശരാശരി നോക്കുമ്പോള്‍ സ്‌പെയിന്‍ ജര്‍മനിയേക്കാള്‍ ബഹുദൂരം മുന്നിലായിരിക്കും.