അഭിറാം മനോഹർ|
Last Modified തിങ്കള്‍, 23 ജനുവരി 2023 (21:43 IST)
പ്രീമിയർ ലീഗിലെ കന്നി സീസണിൽ താണ്ഡവമാടി മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലൻഡ്. 19 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും 25 ഗോളാണ് താരം നേടിയത്. ഇന്നലെ വോൾവ്സിനെതിരായ മത്സരത്തിൽ നേടിയ ഹാട്രിക്കൊടെ കഴിഞ്ഞ സീസണിലെ ടോപ് സ്കോറർമാരെ മറികടക്കാൻ ഹാലൻഡിനായി.
കഴിഞ്ഞ സീസണിൽ 23 ഗോളുകളുമായി ലിവർപൂൾ താരം മൊഹമ്മദ് സലയും ടോട്ടന്നം താരം ഹ്യൂങ്ങ് മിൻ സോണുമാണ് മുന്നിലുണ്ടായിരുന്നത്. ഈ സീസണിൽ 18 മത്സരങ്ങൾ കൂടി ശേഷിക്കെയാണ് ഹാലൻഡിൻ്റെ നേട്ടം. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന അലൻസ് ഷിയററുടെയും ആൻഡി കോളിൻ്റെയും നേട്ടം ഹാലൻഡ് തകർക്കാൻ ഇതൊടെ സാധ്യതയേറി. 34
ഗോളുകളാണ് ഇരുവരും ഒരു സീസണിൽ നേടിയിട്ടുള്ളത്.
ഒരു സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോളുകൾ(24) എന്ന മുഹമ്മദ് സലയുടെ റെക്കോർഡ്. ഒരു പ്രീമിയർ ലീഗ് സീസണിൽ കൂടുതൽ ടീമുകൾക്കെതിരെ ഗോളുകൾ എന്നീ നേട്ടങ്ങളും താരം സ്വന്തമാക്കാൻ സാധ്യതയേറെയാണ്.പ്രീമിയർ ലീഗിൻ്റെ അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന നേട്ടത്തീൽ സണ്ടർലൻഡ് മുൻ താരം കെവിൻ ഫിലിപ്സാണ് ഹാലൻഡിന് മുന്നിലുള്ളത്. ഈ നേട്ടം മറികടക്കാൻ വെറും 6 ഗോളുകൾ മാത്രമാണ് ഹാലൻഡിന് വേണ്ടത്. ഈ സീസണിൽ നാല് ഹാട്രിക്കടക്കമാണ് ഹാലൻഡ് 25 ഗോളുകൾ നേടിയത്.