അഭിറാം മനോഹർ|
Last Modified ചൊവ്വ, 15 ജൂണ്‍ 2021 (16:58 IST)
ആശുപത്രിയിൽ നിന്നുള്ള തന്റെ ആദ്യ ചിത്രം പങ്കുവെച്ച് ഡെൻമാർക്ക് താരം ക്രിസ്റ്റിയൻ എറിക്‌സൺ. യൂറോകപ്പ് ഫുട്‌ബോളിൽ ഫിൻലന്റിന് എതിരായ മത്സരത്തിനിടെ എറിക്സൺ ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയും തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച നിങ്ങളുടെ സന്ദേശങ്ങൾക്ക് നന്ദി. ഞാനും എന്റെ കുടുംബവും ആ സന്ദേശങ്ങളെയെല്ലാം വിലമതിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഞാൻ സുഖമായിരിക്കുന്നു. ആശുപത്രിയിൽ ഇനിയും പരിശോധനകൾക്ക് വിധേയനാകാനുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ ഡെൻമാർക്കിനായി ആരവമുയർത്താൻ ഞാനുമുണ്ടാകും എറിക്‌സൺ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
യൂറോകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ഫിൻലന്റിനെതിരേ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് എറിക്സൺ കുഴഞ്ഞുവീണത്.
ഫുട്ബോൾ ലോകം ഒന്നാകെ ഭയന്നുപോയ നിമിഷങ്ങളാണ് പിന്നീട് അവിടെ നടന്നത്. താരം അപകടനില തരണം ചെയ്തതിന് ശേഷം പുനരാരംഭിച്ച മത്സരത്തിൽ ഫിൻലന്റ് വിജയിച്ചു. ഹൃദയാഘാതമാണ് താരത്തിനുണ്ടായതെന്നും 13 മിനിറ്റ് സിപിആർ നൽകിയതിന് ശേഷമാണ് എറിക്സണെ തിരികെ കിട്ടിയതെന്നും ഡെൻമാർക്ക് ടീം ഡോക്ടർ പിന്നീട് വ്യക്തമാക്കി.