മകൻ പോയി! ദുഖവാർത്ത പങ്കുവെച്ച് ക്രിസ്റ്റ്യാനോ

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (13:19 IST)
പോർച്ചുഗീസ് ഫുട്‌ബോൾ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കുഞ്ഞ് മരിച്ചു. സോഷ്യൽ മീഡിയയിലൂടെ റൊണാൾഡൊ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും ഇരട്ടക്കുഞ്ഞുങ്ങളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിലെ ആൺകുഞ്ഞിനെയാണ് ഇപ്പോൾ നഷ്ടമായത്. പെൺകുഞ്ഞിനെ പ്രസവശേഷം ജീവനോടെ ലഭിച്ചു. മകനെ നഷ്ടമായതിന്റെ വേദന മറക്കാനുള്ള ശക്തി തങ്ങള്‍ക്കു നല്‍കുന്നത് മകളാണെന്നു റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

റൊണാള്‍ഡോയ്ക്കു നേരത്തേ നാലു മക്കളുണ്ടായിരുന്നു. ക്രിസ്റ്റിയാനോ ജൂനിയര്‍, മറ്റെയോ, പെണ്‍കുട്ടികളായ ഇവ, അലാന എന്നിവരാണ് അത്. അഗാധമായ ദുഖത്തോടെയാണ് ആൺകുഞ്ഞ് മരിച്ചുവെന്ന വിവരം അറിയിക്കുന്നതെന്നും ഏതൊരു മാതാപിതാക്കളും അനുഭവിക്കുന്നത് പോലെ വലിയ വേദനയാണിതെന്നും പെണ്‍കുഞ്ഞിന്റെ ജനനം മാത്രമാണ് ഈ നിമിഷം കുറച്ചു പ്രതീക്ഷയോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ തങ്ങൾക്ക് ശക്തി നൽകുന്നതെന്നും റൊണാൾഡോ പറഞ്ഞു.

വിദഗ്ധ പരിചരണത്തിനും പിന്തുണയ്ക്കുമെല്ലാം ഞങ്ങള്‍ നന്ദി പറയുകയാണ്. ഈ നഷ്ടത്തില്‍ ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്, പ്രയാസകരമായ ഈ സമയത്തു ഞങ്ങള്‍ സ്വകാര്യതയ്ക്കു വേണ്ടി അപേക്ഷിക്കുകയാണ്. ഞങ്ങളുടെ ബേബി ബോയ്, നീ ഞങ്ങളുടെ മാലാഖയാണ് നിന്നെ ‌ഞങ്ങൾ എല്ലായിപ്പോഴും സ്നേഹിക്കും എന്നായിരുന്നു റൊണാൾഡൊ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :