അപർണ|
Last Modified ശനി, 29 സെപ്‌റ്റംബര്‍ 2018 (14:02 IST)
ഒന്നരവർഷം മുൻപ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റോണാൾഡോയെ പിടിച്ചുകുലുക്കിയ വിവാദം വീണ്ടും തലപൊക്കുന്നു. അന്നത്തെ പരാതിക്കാരിയായ അമേരിക്കൻ യുവതി കാതറിൻ മയോർഗ ജർമനിയിലെ പ്രമുഖ മാധ്യമമായ ഡെർ സ്പീഗലിനു ഇപ്പോൾ നൽകിയ അഭിമുഖത്തിലൂടെ വെട്ടിലായിരിക്കുകയാണ് താരം.
ഇതാദ്യമായാണ് പരാതിക്കാരി ഈ വിഷയത്തിൽ പരസ്യമായ പ്രതികരണം നടത്തുന്നത്. 2009ൽ അമേരിക്കയിലെ ലാസ് വേഗാസിലുള്ള ഒരു ഹോട്ടലിൽ വെച്ചാണ് റൊണാൾഡോ തന്നെ പ്രകൃതിവിരുദ്ധ ബലാൽസംഗം ചെയ്തുവെന്ന് മയോർഗ ആരോപണമുന്നയിച്ചത്. ഇതു പുറത്തു പറയാതിരിക്കാൻ മൂന്നര ലക്ഷം യൂറോയോളം താരം തനിക്കു നൽകിയെന്നും പറയുന്നു.
ഒന്നര വർഷം മുൻപ് വിക്കിലീക്ക്സിന്റെ ഫുട്ബോൾ പതിപ്പായ ഫുട്ബോൾ ലീക്സ് പുറത്തു വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡെർ സ്പീഗൽ തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടത്. താരത്തിനെതിരെ യുവതി സിവിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
സംഭവവുമായി ബന്ധപ്പെട്ട് അധികാരികൾക്ക് റൊണാൾഡോ നൽകിയ മൊഴി ഇപ്പോൾ അദ്ദേഹത്തിനെതിരെ കൊത്തുമോയെന്നാണ് ആരാധകർ നോക്കിക്കാണുന്നത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നാണ് റൊണാൾഡോ അന്നു പറഞ്ഞത്. അതോടൊപ്പം, ഇത് തടയാൻ മയോർഗ ശ്രമം നടത്തിയിരുന്നുവെന്നും ഇതു വേണ്ടെന്നു പറഞ്ഞിരുന്നതായും റൊണാൾഡോ തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്.
ഈ തെളിവുകൾ വച്ചാണ് താരത്തിനെതിരെ നിയമപരമായി നീങ്ങാൻ അമേരിക്കൻ യുവതിയുടെ അഡ്വക്കേറ്റ് ഒരുങ്ങുന്നത്.