പനാമയെ ചിലി പഞ്ഞിക്കിട്ടു; നിലവിലെ ചാമ്പ്യന്‍മാരോട് കൂട്ടിയിടിച്ച് പനാമ കോപ്പയില്‍ നിന്ന് പുറത്ത്

സമനില പിടിച്ച ചിലി പിന്നീട് പനാമയ്‌ക്കു മേല്‍ പാഞ്ഞു കയറുകയായിരുന്നു

കോപ്പ അമേരിക്ക , ചിലി , മെക്‍സികോ , ഫുട്ബാൾ
പെൻസിൽവാനിയ| jibin| Last Modified ബുധന്‍, 15 ജൂണ്‍ 2016 (08:48 IST)
ഗ്രൂപ്പ് ഡി മത്സരത്തിൽ പാനമക്കെതിരെ നിലവിലെ ചാമ്പ്യന്‍മാരായ ചിലിക്ക് തകർപ്പൻ വിജയം. പൊരുതിക്കളിച്ച പാനമയെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ചിലി ജയിച്ചത്. ഗ്രൂപ്പ് മത്സരത്തിലെ വിജയത്തോടെ ചിലി ക്വാർട്ടറിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ മെക്സികോയാണ് ചിലിയുടെ എതിരാളി.

മിഗ്വേൽ കമർഗോയിലൂടെ മൽസരത്തിന്റെ അഞ്ചാം മിനിറ്റിൽത്തന്നെ ലീഡെടുത്ത പാനമയെ എഡ്വാർ‍ഡോ വർഗാസ് (15, 43), അലക്സിസ് സാഞ്ചസ് (50, 89) എന്നിവരുടെ ഇരട്ടഗോൾ മികവിലാണ് ചിലി മറികടന്നത്. പാനമയുടെ രണ്ടാം ഗോൾ അബ്ദിയേൽ അറോയ നേടി.

വിജയിച്ചാൽ ക്വാർട്ടറെന്ന നിലയിൽ മൽസരത്തിനിറങ്ങിയ പാനമയും ചിലെയും തുടക്കം മുതലേ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇരു ടീമുകളും തകര്‍പ്പന്‍ മുന്നേറ്റങ്ങളും നീക്കങ്ങളും നടത്തിയതോടെ പെൻസിൽവാനിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡ് സ്റ്റേഡിയം കോരിത്തരിച്ചു. എന്നാല്‍ നിലവിലെ ചാമ്പ്യന്‍‌മാരെ പനാമ അഞ്ചാം മിനിറ്റില്‍ ഞെട്ടിക്കുകയായിരുന്നു. ഗോളി ക്ലോഡിയോ ബ്രാവോയുടെ പിഴവിൽ നിന്നും മിഗ്വേൽ കമർഗോയോണ് ചിലിക്ക് മേല്‍ ആണിയടിച്ചത്.

ഗോള്‍ വീണതോടെ ചിലി മുന്നേറ്റവും പ്രതിരോധവും ശക്തമായതോടെ പത്ത് മിനിറ്റിന് ശേഷം ലീഡ് നേടി. എഡ്വാർ‍ഡോ വർഗാസായിരുന്നു ചിലിക്ക് ജീവന്‍ നല്‍കിയ ഈ ഗോള്‍ സമ്മാനിച്ചത്. സമനില പിടിച്ച ചിലി പിന്നീട് പനാമയ്‌ക്കു മേല്‍ പാഞ്ഞു കയറുകയായിരുന്നു.

43-മത് മിനിറ്റിൽ ലീ‍ഡ് പിടിച്ച ചിലി, സൂപ്പർ താരം അലക്സിസ് സാഞ്ചസ് രണ്ടാം പകുതിയിൽ നേടിയ ഇരട്ടഗോളുകളുടെ മികവിൽ ക്വാർട്ടർ ബർത്തുറപ്പിച്ചു. ചിലി ഗോളി ക്ലോഡിയോ ബ്രാവോയുടെ പിഴവിൽനിന്നു തന്നെയായിരുന്നു പാനമയുടെ രണ്ടാം ഗോളും. അബ്ദിയേൽ അറോയ നേടിയ ഗോളിന് പാനമയുടെ പരാജയഭാരം കുറയ്ക്കാൻ മാത്രമേ ആയുള്ളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :