റിയോ ഡി ഷാനെറോ|
jibin|
Last Modified ശനി, 20 ജൂണ്‍ 2015 (08:38 IST)
ബ്രസീല്‍ ഫുട്ബോള്‍ ടീം നായകന്‍ നെയ്‌മറിന് കോപ്പ അമേരിക്കയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും.
കൊളംബിയയ്‌ക്കെതിരായ മത്സരശേഷം കയ്യാങ്കളി നടത്തിയ നെയ്‌മറിനെ നാലു മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചു.
കോപ്പ അമേരിക്ക ഗ്രൂപ്പ് സിയില്‍ കൊളംബിയയുമായുളള മത്സരത്തില്‍ നെയ്മര്‍ ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു. ഇതോടെ നെയ്മര്‍ക്കെതിരെ കടുത്തനടപടി വന്നേക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒരു മത്സരത്തില്‍ മാത്രം വിലക്കാന്‍ സൌത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫെഡറേഷന്‍ ഈ സംഭവം പുനഃപരിശോധിക്കുകയും കോപ്പയിലെ അവശേഷിക്കുന്ന മത്സരങ്ങളടക്കം നാലു കളികളില്‍ നിന്ന് വിലക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
കൊളംബിയന്‍ താരം ജെയ്‌സണ്‍ മുറിയ്യൊയെ തലകൊണ്ടിടിച്ചതിന് ചുവപ്പ് കാര്‍ഡ് കിട്ടിയ നെയ്‌മറിനെ വെനസ്വേലയ്‌ക്കെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മാത്രം വിലക്കാനായിരുന്നു അച്ചടക്കസമിതിയുടെ ആദ്യ തീരുമാനം. എന്നാല്‍ തീരുമാനം പുന:പരിശോധിച്ച സമിതി വിലക്ക് നീട്ടുകയായിരുന്നു.
അച്ചടക്കലംഘനം നടത്തിയ നെയ്‌മറിന് 10,000 ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്. നെയ്‌മറെ തള്ളി മാറ്റിയ കൊളംബിയന്‍ താരം കാര്‍ലോസ് ബക്കയ്ക്ക് രണ്ട് മത്സരങ്ങളിലാണ് വിലക്ക്. രണ്ട് താരങ്ങള്‍ക്കും അപ്പീല്‍ നല്‍കാനുള്ള അവകാശമുണ്ടെന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. 2014 ലോകകപ്പില്‍ കൊളംബിയക്കെതിരെ നടന്ന മത്സരത്തില്‍ പരുക്കേറ്റ് നെയ്മര്‍ പുറത്താവുകയും ബ്രസീലിന്റെ തേരോട്ടം അതോടെ അവസാനിക്കുകയും ചെയ്തിരുന്നു.