അപർണ|
Last Modified വ്യാഴം, 27 സെപ്റ്റംബര് 2018 (17:42 IST)
രണ്ടു ദിവസത്തിനകം ഐഎസ്എല്ലിന്റെ പുതിയ സീസൺ തുടങ്ങാനിരിക്കെ ബ്ലാസ്റ്റേഴ്സ് ആരാധകർ നിറഞ്ഞ പ്രതീക്ഷയിലാണ്. സച്ചിന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം ഒഴിഞ്ഞതോടെ സങ്കടത്തിലായ ആരാധകര്ക്ക് ആശ്വാസമേകിയാണ് ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്ഡ് അംബാസഡറായി മോഹന്ലാല് എത്തുന്നുവെന്ന വാർത്തയും ആരാധകർക്ക് ആവേശം പകരുന്നതാണ്.
രണ്ടു സീസണിൽ ഫൈനൽ കളിക്കുകയും രണ്ടു സീസണുകളിൽ പറ്റെ തകരുകയും ചെയ്ത ക്ലബിന് കിട്ടാക്കനിയായ കിരീടം ഇത്തവണയെങ്കിലും സ്വന്തമാക്കാനാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കേരളത്തിൽ ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന ആരാധകരെ തൃപ്തിപ്പെടുത്തുന്ന കളി ഇത്തവണ ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തില്ലെങ്കിൽ ആരാധകർ കളിക്കാരെ പഞ്ഞിക്കിടാൻ സാധ്യതയുണ്ട്.
പ്രതിരോധമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ ശക്തികേന്ദ്രം. സന്ദേശ് ജിംഗൻ, അനസ് എടത്തോടിക്ക, ലാൽറുവാത്താര, അബ്ദുൾ ഹക്കു എന്നിവർക്കൊപ്പം വിദേശ താരങ്ങളായ ലാകിച് പെസിച്ച്, സിറിൽ കാലി എന്നിവരടങ്ങുന്നതാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധം.
പുതിയതായി ടീമിലെത്തിയ നികോള കിർകാമവറികിനൊപ്പം കറേജ് പെകൂസൻ, കഴിഞ്ഞ സീസൺ പരിക്കിനെ തുടർന്ന് നഷ്ടപ്പെട്ട കിസിറോൺ കിസിറ്റോ, മലയാളി താരം സക്കീർ മുണ്ടംപാറ എന്നിവർ കൂടി ചേരുന്നതോടെ ടീം ശക്തമാണെന്ന് ഉറപ്പാണ്.
ഗോൾകീപ്പർമാരായി ധിരജ് സിംഗ്, നവിൻ കുമാർ എന്നിവരിലാരെ തെരഞ്ഞെടുക്കണമെന്നത് ജയിംസിന് തലവേദന തന്നെയായിരിക്കും.