ബാഴ്സലോണ|
Last Modified ശനി, 17 ഓഗസ്റ്റ് 2019 (14:00 IST)
ബ്രസീല്‍ സൂപ്പര്‍ താരം ഫിലിപ്പെ കുടീഞ്ഞോയെ പിഎസ്‌ജിക്ക് നല്‍കി നെയ്മറെ സ്വന്തമാക്കാനുള്ള ശ്രമമായിരുന്നു ബാഴ്‌സലോണ നടത്തിയത്. ക്ലബ്ബിന്റെ നീക്കം വിജയം കാണുമെന്ന് ആരാധകരും കരുതി.
എന്നാല്‍, വായ്പാ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തെ കരാറില്‍ കുടീഞ്ഞോയെ ബയേൺ മ്യൂണിക്കിലേക്ക് ബാഴ്‌സ കൈമാറിയതോടെ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. സീസണ്‍ അവസാനിക്കുന്നതോടെ കുടീഞ്ഞോ ബയേണിന്റെ സ്വന്തമാകും. അത്തരത്തിലാണ് ഇരു ക്ലബ്ബുകളുകളും കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയില്‍ ലിവർപൂളിൽ നിന്ന് ബാഴ്സയിയില്‍ എത്തിയ കുടീഞ്ഞോ പ്രതീക്ഷിച്ച മികവ് പുലര്‍ത്തിയില്ല. ഇതോടെ താരത്തെ പി എസ് ജിക്ക് നല്‍കി നെയ്‌മറെ പാളയത്തില്‍ എത്തിക്കാനായിരുന്നു ബാഴ്‌സ ശ്രമിച്ചത്.
അതിനിടെ ആഴ്സസണലിലേക്കോ പഴയ ക്ലബ്ബായ ലിവര്‍പൂളിലേക്കോ കുടീഞ്ഞോ പോകുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായി. എന്നാല്‍, പ്രവചനങ്ങളെ കാറ്റില്‍ പറത്തി കുടീഞ്ഞോ ജർമ്മൻ ലീഗിലേക്ക് എത്തുകയായിരുന്നു.
എന്തു വിലകൊടുത്തും നെയ്‌മറെ ബാഴ്‌സയില്‍ എത്തിക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നത് ടീമിലെ സൂപ്പര്‍താരമായ ലയണല്‍ മെസിയാണ്.
222 ദശലക്ഷം രൂപയ്‌ക്ക് നെയ്‌മറെ വില്‍ക്കാന്‍ തയ്യാറാണെന്ന് പിഎസ്ജി നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ നെയ്‌മറെ ബാഴ്‌സയില്‍ എത്തിക്കണമെന്ന് മെസിയും ആവശ്യമുയര്‍ത്തി. ഇതോടെയാണ് ബാഴ്‌സ നീക്കം ആരംഭിച്ചത്.