അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 ജൂലൈ 2024 (19:53 IST)
യൂറോ കപ്പും കോപ്പ അമേരിക്കയും പൂര്‍ത്തിയായതോടെ ആര്‍ക്കായിരിക്കും ഇത്തവണത്തെ ബലണ്‍ ഡിയോര്‍ പുരസ്‌കാരം ലഭിക്കുക എന്ന ചര്‍ച്ചയിലാണ് ഫുട്‌ബോള്‍ ആരാധകര്‍.ചാമ്പ്യന്‍സ് ട്രോഫി അടക്കം നിര്‍ണായക ടൂര്‍ണമെന്റുകള്‍ വിജയിക്കാനായെങ്കിലും വിനീഷ്യസ് ജൂനിയര്‍,ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവര്‍ക്ക് തങ്ങളുടെ ടീമുകളെ കോപ്പയിലും യൂറോ കപ്പിലും ചാമ്പ്യന്മാരാക്കാന്‍ സാധിച്ചിരുന്നില്ല. യൂറോ, കോപ്പ മത്സരങ്ങള്‍ കഴിഞ്ഞതോടെ കൂടുതല്‍ താരങ്ങള്‍ ബലണ്‍ ഡിയോര്‍ സാധ്യതപട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്.
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്ക്കായി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ കൂടിയായ ലൗട്ടാരോ മാര്‍ട്ടിനസാണ് ഇപ്പോള്‍ സാധ്യതാപട്ടികയിലെ ആദ്യ അഞ്ചില്‍ ഇടം പിടിച്ചിരിക്കുന്നത്. ഫൈനലിലെ ഗോള്‍ അടക്കം കോപ്പയില്‍ അഞ്ച് ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ഇന്റര്‍മിലാനൊപ്പം സിരി എ കിരീടം നേടാനും മാര്‍ട്ടിനസായിരുന്നു. ഇറ്റാലിയന്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ 24 ഗോളുകളായിരുന്നു താരം നേടിയത്.
ലൗട്ടാരോ മാര്‍ട്ടിനസിന് പുറമെ യൂറോകപ്പ് വിജയിച്ചുകൊണ്ട് കാര്‍വജാലും തന്റെ ബലണ്‍ ഡിയോര്‍ സാധ്യത ശക്തമാക്കിയിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിയിലെ റയലിന്റെ വിജയത്തിലും യൂറോയില്‍ സ്‌പെയിനിന്റെ നേട്ടത്തിന് പിന്നിലും കാര്‍വജാലിന്റെ മികച്ച പ്രകടനങ്ങളുണ്ടായിരുന്നു. യൂറോകപ്പില്‍ പരാജയമായെങ്കിലും ലാ ലിഗയിലും ചാമ്പ്യന്‍സ് ട്രോഫിയിലും റയല്‍ മാഡ്രിഡിനായി മികച്ച പ്രകടനം നടത്തിയ ജൂഡ് ബെല്ലിങ്ങാമാണ് ലിസ്റ്റിലെ മറ്റൊരു താരം. ഇത്തവണ ഫൈനലില്‍ ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നുവെങ്കില്‍ ബാലണ്‍ ഡിയോര്‍ ഉറപ്പിക്കാന്‍ താരത്തിന് സാധിക്കുമായിരുന്നു.
അതേസമയം സ്പാനിഷ് ടീമിൻ്റെ എഞ്ചിനായി പ്രവര്‍ത്തിച്ച റോഡ്രിയാണ് ലിസ്റ്റിലുള്ള മറ്റൊരു പ്രമുഖതാരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രധാനതാരമായ റോഡ്രി ടീമിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നേടികൊടുത്തിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയെ സെമിയിലെത്തിക്കാനും റോഡ്രിക്ക് സാധിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ 6 ഗോളും 4 അസിസ്റ്റുമായി റയലിന്റെ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബ്രസീലിയന്‍ താരമായ വിനീഷ്യസ് ജൂനിയറാണ് ബലണ്‍ ഡിയോര്‍ നേട്ടത്തിന് സാധ്യതയുള്ള മറ്റൊരു താരം. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലടക്കം ഗോള്‍ നേടാനായെങ്കിലും കോപ്പയില്‍ വിനീഷ്യസ് ജൂനിയറിന്റെ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.