ലോകകപ്പിലെ പിഴവുകള്‍ക്കെല്ലാം പ്രാശ്ചിത്തം, കോപ്പയില്‍ അര്‍ജന്റീനയുടെ വിജയഗോള്‍, ടൂര്‍ണമെന്റില്‍ 5 ഗോളുമായി നിറഞ്ഞാടി ലൗട്ടാരോ മാര്‍ട്ടിനെസ്

Lautaro Martinez
അഭിറാം മനോഹർ| Last Updated: തിങ്കള്‍, 15 ജൂലൈ 2024 (10:19 IST)
Lautaro Martinez


2022ലെ ഖത്തര്‍ ലോകകപ്പ് കിരീടം സ്വന്തമാക്കാനായെങ്കിലും വ്യക്തിപരമായ പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ലൗട്ടാരോ മാര്‍ട്ടിനെസിന് അത്ര സുഖകരമായ ഓര്‍മയാകില്ല ആ ലോകകപ്പ് സമ്മാനിച്ചത്. അര്‍ജന്റീനയുടെ നമ്പര്‍ വണ്‍ സ്‌ട്രൈക്കര്‍ എന്ന വിശേഷണവുമായി എത്തി നിറം മങ്ങിയ പ്രകടനമായിരുന്നു താരം നടത്തിയത്. കൃത്യമായ സമയത്ത് ഹൂലിയന്‍ അല്‍വാരസ് എന്ന താരം ഉദയം ചെയ്തതായിരുന്നു ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഗുണം ചെയ്തത്.


എന്നാല്‍ 2 വര്‍ഷങ്ങള്‍ക്കിപ്പുറം 2024ലെ കോപ്പ അമേരിക്കയിലെത്തുമ്പോള്‍ തന്റെ കാലുകളുടെ പ്രഹരശേഷി എത്രയുണ്ടെന്നും എന്തുകൊണ്ടാണ് താന്‍ അര്‍ജന്റീനയുടെ നമ്പര്‍ വണ്‍ സ്‌ട്രൈക്കര്‍ എന്ന വിശേഷണം നിലവില്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും തെളിയിക്കുകയായിരുന്നു ലൗട്ടാരോ മാര്‍ട്ടിനെസ്. മെസ്സി നല്‍കിയ പെനാല്‍ട്ടി ഗോളാക്കി മാറ്റികൊണ്ട് തുടങ്ങിയ ലൗട്ടേര മാര്‍ട്ടിനസ് ടൂര്‍ണമെന്റില്‍ അഞ്ച് തവണയാണ് അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. ഫൈനല്‍ മത്സരത്തില്‍ കൊളംബിയക്കെതിരെ ഇഞ്ചുറി ടൈമിന്റെ 112മത് മിനിറ്റിലായിരുന്നു മാര്‍ട്ടിനെസിന്റെ ഗോള്‍. അതുവരെ ഇഞ്ചോടിഞ്ച് പോരാടിയിരുന്ന അര്‍ജന്റീനയ്ക്ക് മത്സരത്തില്‍ നിര്‍ണായകമായ മുന്‍തൂക്കം നല്‍കിയത് മാര്‍ട്ടിനസിന്റെ ഈ ഗോള്‍ നേട്ടമായിരുന്നു. ഗോള്‍ നേടിയ ശേഷം പരിക്കുമായി ബെഞ്ചിലിരിക്കുന്ന ലയണല്‍ മെസ്സിയെ ആശ്ലേഷിച്ചുകൊണ്ടാണ് മാര്‍ട്ടിനസ് തന്റെ ആഹ്‌ളാദം പ്രകടിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :