അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 ജൂലൈ 2024 (15:47 IST)
കോപ്പ അമേരിക്ക തുടര്‍ച്ചയായി രണ്ടാം തവണയും നേടിയതിന്റെ വിജയാഘോഷങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പ് അര്‍ജന്റീനന്‍ ആരാധകരെ ആനന്ദത്തില്‍ നിറച്ച് പരിശീലകന്‍ ലയണല്‍ സ്‌കലോണി. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ഭിന്നതകള്‍ ഉള്ളതിനാല്‍ കോപ്പയ്ക്ക് ശേഷം സ്‌കലോണി പരിശീലക സ്ഥാനമൊഴിയുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ടീമിന്റെ പരിശീലകനായി താന്‍ തുടരുമെന്ന് കോപ്പ വിജയത്തിന് ശേഷം സ്‌കലോണി വ്യക്തമാക്കി.
2022ലെ ലോകകപ്പ് നേട്ടത്തില്‍ സഹപരിശീലകര്‍ക്കും തനിക്കും പരിഗണനയും പാരിതോഷികങ്ങളും നല്‍കാത്തതില്‍ സ്‌കലോണി അതൃപ്തനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപിയോയുമായുള്ള ബന്ധം വഷളായതായും 2026 ലോകകപ്പ് വരെ കരാറുണ്ടെങ്കിലും കോപ്പ അമേരിക്ക പിന്നാലെ സ്‌കലോണി ടീം വിടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അനുവദിക്കുകയാണെങ്കില്‍ 15 വര്‍ഷത്തിന് കരാര്‍ ഒപ്പുവെയ്ക്കാന്‍ തയ്യാറാണെന്നാണ് സ്‌കലോണി ഇപ്പോള്‍ വ്യക്തമാക്കിയത്. 2018ല്‍ അര്‍ജന്റീന ടീമിന്റെ പരിശീലകനായതിന് ശേഷം 2 കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും ഒരു ലോകകപ്പും ടീമിന് നേടികൊടുക്കാന്‍ സ്‌കലോണിക്കായിരുന്നു. അതിനാല്‍ തന്നെ സ്‌കലോണി തുടരുമെന്ന വാര്‍ത്ത അര്‍ജന്റീന ആരാധകര്‍ക്ക് ആവേശം നല്‍കുന്നതാണ്.