അഭിറാം മനോഹർ|
Last Modified ശനി, 12 നവംബര്‍ 2022 (09:49 IST)
ലോകകപ്പ് ഫുട്ബോളിനായുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് സ്പെയിൻ. മുൻനായകനായ സെർജിയോ റാമോസിനെ ഒഴിവാക്കിയപ്പോൾ യുവതാരം അൻസു ഫാറ്റി ടീമിലെത്തി. പരിക്ക് മൂലം കഴിഞ്ഞ 2 സീസണിലും ബാഴ്സയ്ക്കായി കാര്യമായ മത്സരങ്ങളിലൊന്നും കളിക്കാതിരുന്ന 20കാരനായ ഫാറ്റി ടീമിലെത്തുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു.
അതേസമയം സ്പെയിനിനായി 180 മത്സരങ്ങൾ കളിച്ച് റെക്കോർഡുള്ള മുൻ നായകനായ സെർജിയോ റാമോസിനെ തഴഞ്ഞത് അപ്രതീക്ഷിതമായ തീരുമാനമായി. മുൻ ബാഴ്സ പരിശീലകനായ ലൂയിസ് എൻ്റിക്വെയാണ്
സ്പെയിൻ കോച്ച്.ദേശീയ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ എതെങ്കിലും ക്ലബ്ബിന് അമിത പ്രാധാന്യം നല്‍കുന്ന രീതി തനിക്കില്ലെന്നും ഏത് ക്ലബ്ബില്‍ നിന്ന് എത്ര കളിക്കാര്‍ എന്നോ അവരുടെ പ്രായമോ നോക്കാറില്ലെന്നും എന്‍റിക്വെ പറഞ്ഞു. ബാഴ്സലോണ നിരയിൽ നിന്നുള്ള 7 താരങ്ങളും റയലിൽ നിന്നുള്ള 2 പേരുമാണ് ഇത്തവണ സ്പെയിനിൻ്റെ ദേശീയ ടീമിൽ ഉള്ളത്.