ഇത് ഡി മരിയ: ഏയ്‌ഞ്ചൽ എന്ന് വിളിക്കുന്നത് വെറുതെയല്ല

അഭിറാം മനോ‌ഹർ| Last Modified ഞായര്‍, 11 ജൂലൈ 2021 (14:57 IST)
28 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിടാൻ ബ്രസീലുമായുള്ള ഫൈനൽ മത്സരത്തിൽ അർജന്റൈൻ പട ഇറങ്ങു‌മ്പോൾ ആദ്യ ഇലവനിൽ ഏയ്‌ഞ്ചൽ ഡി മരിയയുടെ സാന്നിദ്ധ്യം പല അർജന്റൈൻ ആരാധകരുടെയും മുഖത്ത് അമ്പരപ്പാണ് ഉണ്ടാക്കിയിട്ടുണ്ടാകുക. പ്രായം തളർത്തിയെന്ന വിമർശനം നിലനിൽക്കുമ്പോളും അയാൾ ഒരു സൂപ്പർ സബ് എന്ന നിലയിലാണ് ഇത്തവണ കോപ്പയിൽ പ്രകടനം നടത്തിയിരുന്നത്. അതിനാൽ തന്നെ ഫസ്റ്റ് ഇലവനിലെ മരിയയുടെ സാന്നിധ്യം തീർച്ചയായും ആരാധകർ പ്രതീക്ഷിച്ചിരിക്കില്ല.

ഒരുപക്ഷേ ഫൈനലിലേക്ക് അർജന്റീന കരുതിവെച്ച വജ്രായുദ്ധമായിരിക്കണം ആ മാലാഖ. അത് അങ്ങനെ തന്നെയെന്ന് കളി തുടങ്ങി 22ആം മിനിറ്റ് തന്നെ ഗോളിലൂടെ ശരിവെച്ചു. അല്ലെങ്കിലും പ്രധാനമത്സരങ്ങളിൽ തിളങ്ങുന്നത് ഡിമരിയ പതിവാക്കിയിട്ട് കുറച്ചുകാലമാകുന്നു. 2014ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്‌ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് കപ്പ് നേടിയപ്പോളും മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് ഡി മരിയയായിരുന്നു.

ഇങ്ങനെയെല്ലാമാണെങ്കിലും അർജന്റൈൻ നിരയിലേക്കുള്ള ഏയ്‌ഞ്ചൽ ഡി മരിയയുടെ പ്രവേശനം അത്ര എളുപ്പത്തിൽ ആയിരുന്നില്ലെന്നാണ് ഫൈനലിലെ വിജയത്തിന് ശേഷമുള്ള ഡി മരിയയുടെ വാക്കുകൾ സാക്ഷ്യം നൽകുന്നത്. ഇവിടേക്ക് എത്തുന്നതാണ് ഞങ്ങൾ സ്വപ്‌നം കണ്ടത്. ഞങ്ങൾ പൊരുതി. ഒരുപാട് പേർ ഞങ്ങളെ വിമർശിച്ചു. എന്നോട് ടീമിലേക്ക് മടങ്ങിയെത്തരുതെന്ന് ആവശ്യപ്പെട്ടു. അർജന്റീനയുടെ ഏയ്‌ഞ്ചൽ പറഞ്ഞു.

2018 ലോകകപ്പിൽ ഫ്രാൻസിനെതിരെയായിരുന്നു മരിയ അർജന്റീനക്ക് വേണ്ടി തന്റെ അവസാന ഗോൾ നേടിയത്. തുടർന്ന് നടന്ന 13 മത്സരങ്ങളിൽ ഒന്നിൽ പോലും ഗോൾ വല കുലുക്കാനാവാഞ്ഞതോടെ മരിയ വിസ്‌മൃതിയിലേക്ക് മായുകയായിരുന്നു. സൂപ്പർ സബായി സ്ഥാനം ലഭിച്ചിരുന്നെങ്കിലും ഫസ്റ്റ് ഇലവനിൽ മരിയയുടെ സാന്നിധ്യം ആരാധകരുടെ പോലും നെറ്റി ചുളുപ്പിച്ചിരുന്നു. എന്നാൽ അർജന്റീനയുടെ മാലാഖയാവാൻ വിധിക്കപ്പെട്ട മരിയയ്ക്ക് ഫൈനലിൽ ഗോൾ കണ്ടെത്തേണ്ടിയിരുന്നു.

അർജന്റീനക്ക് വേണ്ടിയുള്ള ഫൈനൽ ഗോളോടെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലിലും മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടുന്ന ആദ്യതാരമായും മാറിയിരിക്കുകയാണ് ഡി മരിയ. 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർജന്റീന കപ്പ് ഉയർത്തുമ്പോൾ ലോകം അർജന്റീനയുടെ ഏയ്ഞ്ചലിനോട് ഇന്ന് നന്ദി അറിയിക്കുകയാണ്. ഒരു ജനതയുടെ 28 വർഷത്തെ കാത്തിരിപ്പിനാണ് നീ അറുതിവരുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :