റൊണാൾഡോക്കും ബെൻസേമയ്ക്കും പിന്നാലെ സുൽത്താനും സൗദിയിലേക്ക്, അൽ ഹിലാലുമായി നെയ്മർ ധാരണയിലെത്തിയതായി റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (10:33 IST)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും കരീം ബെന്‍സേമയ്ക്കും പിന്നാലെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും സൗദി പ്രോ ലീഗിലേക്ക്. പിഎസ്ജി വിടാന്‍ സന്നദ്ധത അറിയിച്ച താരത്തെ സൗദി പ്രോ ലീഗ് ക്ലബായ അല്‍ ഹിലാലാണ് സ്വന്തമാക്കുന്നത്. നെയ്മറുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് പിഎസ്ജിയും അല്‍ ഹിലാലും ധാരണയിലായതായി പ്രമുഖ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ നിരീക്ഷകനായ ഫ്രാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

98.5 മില്യണ്‍ ഡോളറിനാണ് പിഎസ്ജിയില്‍ നിന്നും 2 വര്‍ഷ കരാറില്‍ 31കാരനായ നെയ്മറെ അല്‍ ഹിലാല്‍ ക്ലബിലെത്തിക്കുന്നത്. ഒരു വര്‍ഷം കൂടി കരാറുണ്ടെങ്കിലും പിഎസ്ജിയുമായി കരാര്‍ അവസാനിപ്പിക്കാന്‍ നെയ്മര്‍ തീരുമാനിക്കുകയായിരുന്നു. ബാഴ്‌സലോണയിലേക്ക് തിരികെയെത്താന്‍ താരം ശ്രമിച്ചെങ്കിലും ഇത് നടക്കാതെ വന്നതോടെയാണ് താരം സൗദി പ്രോ ലീഗിലേക്ക് കൂടുമാറുന്നത്. 2017ല്‍ അന്നത്തെ ഏറ്റവും വലിയ തുകയ്ക്കാണ് ബാഴ്‌സലോണയില്‍ നിന്നും നെയ്മര്‍ പിഎസ്ജിയിലെത്തിയത്. പിഎസ്ജിയില്‍ ആറ് സീസണ്‍ പൂര്‍ത്തിയാക്കിയെങ്കിലും ഒരു ചാമ്പ്യന്‍സ് ലീഗ് പോലും സ്വന്തമാക്കാന്‍ നെയ്മര്‍ക്കായില്ല. പിഎസ്ജിയിലെ സഹതാരമായിരുന്ന ലയണല്‍ മെസ്സി കൂടി ക്ലബ് വിട്ടതോടെയാണ് നെയ്മറും പിഎസ്ജി വിടാന്‍ തീരുമാനിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :