അർജന്റീന കുതിച്ചത് റോഡ്രിഗോ ഡി പോൾ എന്ന എഞ്ചിനിൽ, 100 ശതമാനം ഷോട്ട് കൃത്യത, ഭാവിതാരം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ജൂലൈ 2021 (11:20 IST)
അമേരിക്ക ഫൈനൽ മത്സരത്തിൽ ലയണൽ മെസ്സി, ഏയ്‌ഞ്ചൾ എന്നിവരെ ഫുട്ബോൾ പ്രേമികൾ വാനോളം പുകഴ്‌ത്തുമ്പോൾ അർഹമായ അംഗീകാരം ലഭിക്കാത്ത ഒരു താരം അർജന്റൈൻ നിരയിലുണ്ട്. ഗോളിലേക്ക് നയിച്ച ഡി മരിയയുടെ ഷോട്ടിന് ലോങ് ബോൾ കൈമാറിയതടക്കം കളിയുടെ ഗതി തിരിച്ച എല്ലാ നിർണായക നിമിഷങ്ങളിലും കളിക്കളത്തിൽ സ്വാധീനം ചെലുത്തിയ ഒരു അദൃശ്യൻ.

നമ്മൾ പറയുന്നത് റോഡ്രിഗോ എന്ന്അ അർജന്റീനിയൻ മധ്യനിരതാരത്തെ പറ്റിയാണ്. കോപ്പ ഫൈനലിൽ എന്താണ് രണ്ട് ടീമുകളെയും തമ്മിൽ വേർത്തിരിച്ച ഘടകമെന്ന് ചോദിക്കുകയാണെങ്കിൽ അത് തീർച്ചയായും ഡി പോളിനെ പോലൊരു ഭാവനസമ്പന്നനായ മധ്യനിര താരം ബ്രസീലിന് ഉണ്ടായില്ല എന്നതാണ്.

ഗബ്രിയേൽ ജെസ്യൂസ് ഇല്ലാതെയിറങ്ങിയ ബ്രസീലിൽ സൂപ്പർതാരം നെയ്‌മറിന് അമിതഭാരം ലഭിക്കുകയും ടീമിലെ പ്രധാന താരമായ കാസമീരോ മെസ്സിയെ തടയുന്നതിൽ നിയോഗിക്കപ്പെടുകയും ചെയ്‌തതോടെ ഡി പോളിലൂടെയായിരുന്നു മറുപടി നൽകിയത്. രണ്ട് പക്ഷത്തേക്കും മാറി മാറി നിന്നിരുന്ന കളി തിരിയുന്ന 22ആം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയക്ക് ഡി പോൾ സമ്മാനിച്ച ക്രോസ് ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച അസിസ്റ്റ് എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. ബ്രസീലിയൻ പ്രതിരോധത്തിന്റെ പിഴവ് ഉണ്ടെങ്കിലും ശൂന്യതയിൽ നിന്നും നേടപ്പെട്ട വിജയഗോൾ.

ഫൈനലിൽ ഡിപോളിന്റെ പ്രകടനം ഏതൊരു ഫുട്ബോൾ പ്രേമിയേയും ആവേശത്തിലാഴ്‌ത്തുന്നതാണ്. 100 ശതമാനമായിരുന്നു ഫൈനൽ മത്സരത്തിൽ ഡി പോളിന്റെ ഷോട്ടുകളുടെ കൃത്യത. നൽകിയത് 58 ടച്ചുകൾ. 11 ഡ്യുയൽസ് ജയിച്ചപ്പോൾ 6 ഫൗളുകൾ അനുകൂലമാക്കി. ബ്രസീലിന്റെ കുതിപ്പ് തടഞ്ഞുകൊണ്ട് നാല് ടാക്കിളുകൾ ഒരു ഇന്റർസെപ്‌ഷൻ ഒരു അസിസ്റ്റ്. ഫൈനലിൽ കളം വാണ പ്രകടനം.

ഫൈനലിൽ മാൻ ഓഫ് ദ മാച്ചായത് ഡി മരിയ ആണെങ്കിലും മരിയയുടെ ഗോളിലേക്ക് വഴിതെളിച്ച നിർണായക അസിസ്റ്റ് നേടിയ ഡിപോൾ തന്നെയായിരുന്നു മാറാക്കാനയിലെ താരം. കോപ്പ നൽകുന്ന ആവേശത്തിൽ ആൽബിസെലസ്റ്റകൾ ചിറകടിച്ചുയരുമ്പോൾ ആരാധകർക്ക് ഉറപ്പായും ഒരു കാര്യം പറയാം അർജന്റീനയുടെ ഭാവി താരം ഫൈനലിൽ എണ്ണ‌യിട്ടാലോടുന്ന യന്ത്രം പോലെ പ്രവർത്തിച്ച ആ യുവതാരത്തിലാണെന്ന്. അതേ ഡി പോൾ നിങ്ങളിൽ ഞങ്ങൾ സ്വപ്‌നങ്ങൾ നെയ്‌ത് തുടങ്ങിയിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :