ചിപ്പി പീലിപ്പോസ്|
Last Modified വ്യാഴം, 26 ഡിസംബര്‍ 2019 (17:17 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ കെ എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും പങ്കെടുത്ത കരണ്‍ ജോഹര്‍ അവതരിപ്പിച്ച കോഫി വിത്ത് കരണ്‍ എന്ന പരിപാടി ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് പരിപാടിയിൽ തുറന്നു പറഞ്ഞതോടെ ഇരുവരും വെട്ടിലാവുകയായിരുന്നു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇവരോട് ബിസിസിഐ കാരണം കാണിക്കൽ നോട്ടീസ് നൽകി.
പരാമർശത്തിൽ ഖേദം പ്രകടപ്പിച്ച് പാണ്ഡ്യ മറുപടി നൽകിയെങ്കിലും കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു ബിസിസിഐ നേതൃത്വം. ഇതിനിടെ ടീമിന്റെ പിന്തുണ താരങ്ങൾക്കില്ലെന്ന് വിരാട് കോലിയും വ്യക്തമാക്കിയതോടെ നടപടി വേഗത്തിലാവുകയായിരുന്നു.
മുൻതാരങ്ങളടക്കമുള്ള പലരം ഇവർക്കെതിരെ നിലപാട് കടുപ്പിച്ചു. പിന്നാലെ രണ്ട് പേരേയും ബിസിസിഐ സസ്പെൻഡ് ചെയ്തു. വിവാദങ്ങൾ അപ്രതീക്ഷിതമായതിനാൽ തന്നെ രാഹുലിനും പാണ്ഡ്യയ്ക്കും എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ ആയി. ഇരുവരും ശേഷം, സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം തന്നെ ആയിരുന്നു.
വിഷയത്തില്‍ അന്വേഷണം നടക്കുന്ന കാലത്ത് ഇരുവരും പുറംലോകവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ആ സംഭവത്തോട് കൂടി പലതും ജീവിതത്തിൽ തിരിച്ചറിഞ്ഞുവെന്നും പല കാര്യങ്ങളും പഠിക്കാൻ പറ്റിയെന്നും ഇവർ തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.