അഭിറാം മനോഹർ|
Last Modified വ്യാഴം, 26 ഡിസംബര്‍ 2019 (12:42 IST)
ലോകകപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ തോറ്റുപുറത്തായതൊഴിച്ചാൽ ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച്
ഏറ്റവും മികച്ച വർഷങ്ങളിലൊന്നാണിത്.ബാറ്റിങ് നിരയും ബൗളിങ് നിരയും
ഒരുപോലെ മികച്ച പ്രകടനം നടത്തിയതാണ് ഇന്ത്യൻ മുന്നേറ്റങ്ങൾക്ക് കാരണം. ഇന്ത്യയുടെ ഏറ്റവും മികച്ച കരുത്തെന്ന് കരുതപ്പെട്ടിരുന്ന സ്പിൻ ബൗളിങ്ങിനെ പിന്തള്ളി പേസ് നിര മുന്നിലേക്ക് വരുന്നതിനും ഈ വർഷം സാക്ഷിയായി.
എന്നാൽ മികവുകളെ പോലെ പോരായ്‌മകളും ഈ വർഷം മുഴുവൻ ഇന്ത്യൻ ടീമിനെ അലട്ടി. ഇതിൽ ഇന്ത്യയുടെ ഏറ്റവും ദൗർബല്യമുള്ള മേഖല ഫീൽഡിങ്ങായിരുന്നു. പലപ്പോളും ബൗളിങ് ബാറ്റിങ് നിരയുടെ ഒത്തുചേർന്ന പ്രകടനങ്ങൾ കൊണ്ടാണ് ഈ ദൗർബല്യം ഒരു പരിധി വരെ മറച്ചുവെക്കാൻ സാധിച്ചത്.
അഞ്ചോ പത്തോ ക്യാച്ചുകളല്ല മറിച്ച് മൂന്ന് ഫോർമാറ്റുകളിൽ നിന്നായി ഈ വർഷം ഇന്ത്യൻ ടീം മൊത്തത്തിൽ കൈവിട്ടത് 21 ക്യാച്ചുകളാണ്. ഏകദിനത്തിൽ മാത്രം 17 ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങൾ നഷ്ടമാക്കിയത്. 2020ൽ ടി20 ലോകകപ്പ് കൂടി വരുമ്പോൾ ഇന്ത്യയെ ഏറ്റവും അധികം ആശങ്കപ്പെടുത്തുന്നതും ടീമിന്റെ ഫീൽഡിങ് പ്രകടനമാണ്.
വിൻഡീസിനെതിരെ തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20യിൽ ഇന്ത്യ തോറ്റപ്പോൾ ഇന്ത്യയുടെ ഫീൽഡിങിലെ മോശം പ്രകടനത്തെ പറ്റി ഇന്ത്യൻ നായകൻ തുറന്നുപറയുകയും ചെയ്തിരുന്നു. പ്രതിരോധിച്ച് ജയിക്കാവുന്ന സ്കോർ ഇന്ത്യ നേടിയിരുന്നെന്നും പക്ഷേ ഇതുപോലെ ഫീൽഡ് ചെയ്താൽ എത്ര വലിയ സ്കോറുകൊണ്ടും എതിരാളിയെ പിടിച്ചുനിർത്താൻ കഴിയില്ലെന്നുമായിരുന്നു ഇന്ത്യയുടെ മോശം ഫീൽഡിങ്ങിനെ പറ്റി കോലിയുടെ പ്രതികരണം.