ജോര്‍ജിന്‍റെ ചിത്രങ്ങള്‍ നമ്മില്‍നിന്നാവശ്യപ്പെടുന്നത് നിശബ്ദവും വിമര്‍ശനാത്മകവുമായ പ്രതിഫലനമാണ്. അവയുടെ വേഗത പതിഞ്ഞതും ചാക്രികവുമാണ്; കാണിയെ സ്വന്തം ലോകത്തിലേക്കും അനുഭവത്തിലേക്കും ഗാഢമായി അനുനയിക്കുന്ന ഒന്ന്.
അവയുടെ ജൈവസാന്ദ്രത സമകാല ജീവിതത്തിന്‍റെ ചിതറലിനും ഒഴുക്കിനുമെതിരെ ചലിക്കുന്നു. ബിംബ-ദ്യശ്യസംഭവങ്ങളുടെ ബഹുലതയെ ഒഴിവാക്കി അവ ചിത്രകലയുടെ ഏറ്റവും പ്രാഥമികമായ ഘടകങ്ങളിലേക്ക് മടങ്ങുന്നു - നിറത്തിന്‍റെ സാന്ദ്രതകള്‍, ചേരുവകള്‍, പ്രതലത്തിന്‍റെ വലിവും സംഘര്‍ഷവും, തലങ്ങളുടെ പാരസ്പര്യം തുടങ്ങിയവയെയാണ് അവ ആശ്രയിക്കുന്നത്.
ഈ ചിത്രങ്ങളിലെ നിറങ്ങളുടെ ഉപയോഗവും വളരെ ശ്രദ്ധേയമായ ഒന്നാണ്. വര്‍ണത്തിന്‍റെ കെട്ടുകാഴ്ചയെയും ശൂന്യാഘോഷത്തെയും പ്രതിരോധിക്കുമ്പോള്‍ തന്നെ അവയെ മറ്റൊരു തലത്തില്‍ വീണ്ടെടുക്കുകയും ചെയ്യുന്നുണ്ട് .
ഇവിടെ ശ്രദ്ധയോടെയും സൂക്സ്മതയോടെയും ഗാഢമായ ബഹുമാനത്തോടെയുമുള്ള നിറങ്ങളുടെ വിന്യാസത്തിലൂടെ ഉച്ചത്തിലുള്ളത് എന്നു പരിഗണിക്കപ്പെടുന്ന പല നിറങ്ങളും ജോര്‍ജ് ചിത്രങ്ങളില്‍ തീവ്രഭാവം കൈവരിക്കുന്നു
ഏറ്റവും താഴ്ന്ന സ്ഥായിയുടെ ശാന്തതയിലേക്കും ഉച്ചസ്ഥായിയുടെ ഉന്മാദത്തിലേക്കും സഞ്ചരിക്കുന്ന ഒരു രാഗവിസ്താരം പോലെ നിറങ്ങള്‍ ഇവിടെ വിവിധ രൂപഭാവങ്ങള്‍ തേടുന്നു. അതുകൊണ്ടു തന്നെ അവ ആവര്‍ത്തിക്കുന്നത് രാഗസഞ്ചാരം പോലെ വിവിധ തലങ്ങളിലും സ്ഥായികളിലുമാണ്; ബാഹ്യലോകത്തിന്‍റേതും നമ്മുടേതും.