സൗമ്യം ,ദീപ്തം ജോര്‍ജ്ജിന്‍റെ ചിത്രങ്ങള്‍

WEBDUNIA|
ഉദാത്തതയുടെ കലാപം

കലാനിരൂപകനും, കൊച്ചി സ്കൂള്‍ ഓഫ് മീഡിയ സ്റ്റഡീസിന്‍റെ ഡയറകറുമായ സി.എസ്. വെങ്കിടേശ്വരന്‍ ജേ-ാര്‍ജ്ജിന്‍റെ ചിത്രങ്ങളെ വിലയിരുത്തുന്നത് ശ്രദ്ധിക്കുക. പച്ചക്കുതിരയിലെ എന്ന ലേഖനത്തില്‍ നിന്ന്.

വര്‍ണശബളിമ, ബിംബ-ദൃശ്യ ഉദ്ദീപനം എന്നിവയുടെ ആധിക്യത്തിനു വിരുദ്ധമായാണ് ജോര്‍ജ്ജിന്‍റെ ചിത്രങ്ങള്‍ സഞ്ചരിക്കുന്നത്. ന്യൂനോക്തിയും മിതത്വവും ആണ് അവയെ നിര്‍വചിക്കുന്നത്.

ഈ എതിര്‍ദിശാസഞ്ചാരം എന്നാല്‍ നിഷേധ-പ്രതിഷേധത്തിന്‍റേത് മാത്രമായ ഒന്നല്ല; മറിച്ച് യാഥാര്‍ത്ഥ്യത്തിന്‍റെ സമ്പന്നവും തീവ്രവും ആയ ബഹുലതയിലേക്ക് കാഴ്ചക്കാരെ ക്ഷണിക്കുന്ന ഒന്നാണത്.

നിറങ്ങള്‍, തലങ്ങള്‍, സാന്ദ്രതകള്‍, പ്രതലങ്ങള്‍, പ്രകാശഭേദം - ഇവയെല്ലാം അതീവ സൂക്സ്മമായി വിന്യസിക്കുകയും വിസ്തരിക്കുകയുമാണവ ചെയ്യുന്നത്.

നിരന്തരം ഉച്ചസ്ഥായി അവലംബിക്കുന്ന നമ്മുടെ ദൃശ്യസംസ്കാരത്തിന്‍റെ ശബളിമയോടും പൊലിപ്പിനോടുമുള്ള ധ്യാനാത്മകമായ പ്രതിരോധമാണവ നമ്മില്‍ നിന്നാവശ്യപ്പെടുന്നത്. മൂര്‍ത്തമായ ഭാവത്തിന്‍റെയും ഭാവനയുടെയും അമൂര്‍ത്തരൂപങ്ങളെയാണവ പരതുന്നത്.

മൂര്‍ത്തരൂപങ്ങളെ പാടെ വര്‍ജ്ജിക്കുന്ന ജോര്‍ജ് ചിത്രങ്ങളുടെ ലോകത്തില്‍ ഭൗതികയാഥാര്‍ത്ഥ്യവും പലപ്പോഴും ഒരു വരയോ കുറിയോ ആയി അവശേഷിക്കുന്നു, അഥവാ പിന്തുടരുന്നു. അതീതത്വത്തിന്‍റെയും അമൂര്‍ത്തതയുടെയും പൂര്‍ണലയത്തെ പ്രതിരോധിക്കുന്ന വിരുദ്ധ ബിന്ദുവായി അതു നിലകൊള്ളുന്നു.

നിറങ്ങളുടെയും പ്രതലങ്ങളുടെയും സാന്ദ്രതകളുടെയും ആ അമൂര്‍ത്ത ലോകലയത്തില്‍ നിന്ന് അവ തെറിച്ചു നില്‍ക്കുന്നു - അലിയാന്‍ വിസമ്മതിക്കുന്ന മൂര്‍ത്തതയായി, കളങ്കമായി, അനുഭവലയത്തിലെ ബോധത്തിന്‍റെ/അഹങ്കാരത്തിന്‍റെ മട്ടായി, അവ അവശേഷിക്കുന്നു

ചിലപ്പോള്‍ കനത്ത ചായത്തേപ്പായോ അല്ലെങ്കില്‍ ഏതോ ഒരു ഭൗതികരൂപത്തിന്‍റെ അവ്യക്തമായ നിഴല്‍രൂപമായോ (യാഥാര്‍ത്ഥ്യത്തിന്‍റെ മായ്ക്കാനാവാത്ത കറ?) അതു പ്രത്യക്ഷപ്പെടുന്നു.

അമൂര്‍ത്തതയുടെ അപരിമേയത്തില്‍ നിന്ന് വ്യക്തിരിക്തരൂപം പൂണ്ടുവരുന്നതോ, അതിലേക്ക് ക്രമേണ അപ്രത്യക്ഷമായികൊണ്ടിരിക്കുന്നതോ ആയ ഒന്ന്.

യാഥാര്‍ത്ഥ്യത്തിന്‍റെ ഒരുതരം ശാഠ്യമോ ഖരത്വമോ, ഉണങ്ങാത്ത ഒരു മുറിവോ, അനുഭവത്തില്‍ നമ്മള്‍ ലയിക്കാന്‍ ആഗ്രഹിക്കാത്ത സ്വത്വത്തിന്‍റെ അവസാനത്തെ കണികയോ ആയി അത് പിന്നെയും പിന്നെയും അവശേഷിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :