ചിത്രമെഴുത്ത് നമ്പൂതിരി

നമ്പൂതിരി രേഖകള്‍ക്ക് അരനൂറ്റാണ്ട്

WEBDUNIA|
ഇന്ത്യന്‍ ചിത്രമെഴുത്തിന്‍റെ സൗഭാഗ്യമാണ് നമ്പൂതിരി. അദ്ദേഹം ചിത്രമെഴുത്തും വരയും തുടങ്ങിയിട്ട് 6 പതിറ്റാണ്ടയെങ്കിലുമായിക്കാണും.

എന്നാല്‍ രേഖാചിത്രകാരന്‍ എന്ന നിലയില്‍ കഥയ്ക്കോ, സ്ഥാപനത്തിനോ വേണ്ടി നമ്പൂതിരി ആദ്യമായി ചിത്രം വരച്ചത് 1955 ലാണ്. ആ നിലയ്ക്ക് നമ്പൂതിരി രേഖാചിത്രരചനയില്‍ 2005 ല്‍ അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു.

അനായാസമായാണ് നമ്പൂതിരിയുടെ രചന. വേഗത്തില്‍ എഴുതിപ്പോകുന്നതുപോലെ ബ്രഷുകൊണ്ടും പേനകൊണ്ടും അദ്ദേഹം രേഖാചിത്രങ്ങള്‍ ചമയ്ക്കുന്നു. അവയ്ക്ക് വള്ളുവനാടിന്‍റെ പരിപ്രേക്ഷ്യമുണ്ട്. കേരളത്തിന്‍റെ തനിമയുണ്ട്. അതൊരു സാംസ്കാരിക പൈതൃകത്തില്‍ വേരൂന്നി നില്‍ക്കുന്നു. കേരളത്തിലെ പൗരാണിക ചുമര്‍ചിത്രരചനാ ശൈലിയോട് ആഭിമുഖ്യമുണ്ട്.

നമ്പൂതിരി ചിത്രങ്ങള്‍ക്ക് രൂപമാനങ്ങളുടെ കാര്യത്തില്‍ അല്‍പം അതിശയോക്തിയുണ്ട്. അതാണവയുടെ അനന്യമായ സവിശേഷത. നാണിയമ്മയും ലോകവും എന്ന പഴയകാല മാതൃഭൂമി പോക്കറ്റ് കാര്‍ട്ടൂണില്‍പോലും ഈ വിശേഷത തുടിച്ചുനില്‍ക്കുന്നു.

സ്ത്രീ സൗന്ദര്യ ദര്‍ശനത്തിലും ആവിഷ്കാരത്തിലും നമ്പൂതിരി ചിത്രങ്ങള്‍ക്ക് പ്രത്യേകതയുണ്ട്. മുഖലാവണ്യത്തേക്കാള്‍ അംഗലാവണ്യമാണ് നമ്പൂതിരി രചനയെ തരളമാക്കുന്നത്-പ്രത്യേകിച്ച് മുലകളും നിതംബങ്ങളും. പൗരാണിക ക്ഷേത്ര ശില്‍പങ്ങളിലും ഇവയ്ക്ക് പ്രാധാന്യമുണ്ടായിരുന്നല്ലോ.

രാജാ രവി വര്‍മ്മ കഴിഞ്ഞാല്‍ ഭാരതീയ ജനതയെ ഇത്രയേറെ സ്വാധീനിച്ച മലയാളി ചിത്രകാരന്‍ നമ്പൂതിരിയല്ലാതെ മറ്റാരുമുണ്ടാവില്ല. ഇന്ത്യയിലെ രേഖാ ചിത്രങ്ങളുടെ കുലപതിയാണ് അദ്ദേഹം- ഇന്നും എന്നും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :