‘വെറുതേ ഒരു ഭാര്യ’ വിജയം

ജയറാമിന് ആശ്വാസം

PROPRO
ഒടുവില്‍ ജയറാമിനെ ദൈവം തുണച്ചു. കരിയര്‍ നഷ്ടത്തിന്‍റെ വക്കില്‍ നിന്നും ‘വെറുതേ ഒരു ഭാര്യ’യിലൂടെ ജയറാം തിരിച്ചു വരുന്നു. തിയേറ്ററില്‍ എത്തി മൂന്നാഴ്‌ച പിന്നിടുമ്പോള്‍ ചിത്രം മുടക്കു മുതല്‍ തിരിച്ചു പിടിച്ചതായി റിപ്പോര്‍ട്ടുകള്‍.

ചെലവ്‌ ചുരുക്കി കുടുംബകഥപറഞ്ഞ അക്കു അക്‌ബര്‍ ജയറാമിന്‌ ഒരു ഹിറ്റ്‌ സമ്മാനിക്കുമെന്ന്‌ ഉറപ്പായി. തിരക്കഥകൃത്ത്‌ ഗിരീഷ്‌കുമാറാണ്‌ സിനിമയുടെ വിജയശില്‌പിയെന്നു പറയാം.

കുറിക്കുകൊള്ളുന്ന കുടുംബ ഡയലോഗുകളാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. ഒന്നാംപകുതി സുഖകരമായി കടന്നു പോകുമ്പോള്‍ തട്ടിയും തടഞ്ഞും അല്‌പം വളഞ്ഞും രണ്ടാം പകുതി കുഴപ്പത്തില്‍ ചാടാതെ രക്ഷപ്പെടുന്നു.

ഭാര്യയെ അടക്കി ഭരിച്ച്‌ ജീവിക്കുന്ന ഓവര്‍സിയറാണ്‌ സുഗതന്‍, ഭാര്യ ബിന്ദു എല്ലാം സഹിച്ച്‌ ജീവിക്കുന്നു, 14 വയസുള്ള പെണ്‍മകളും ഇവര്‍ക്കുണ്ട്‌. ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ബിന്ദു കുടുംബത്തില്‍ പണിമുടക്കുന്നതോടെ സുഗതന്‍ പ്രതിസന്ധിയിലാകുന്നു.

ഭാര്യയുടെ തുണയില്ലാതെ പെണ്‍മകളെ വന്യമായ ലോകത്തില്‍ നിന്ന്‌ സംരക്ഷിക്കാന്‍ ശ്രമിച്ച്‌ അയാള്‍ ഭ്രാന്തമായ അവസ്ഥയില്‍ എത്തുന്നു. ഒടുവില്‍ സ്വന്തം തെറ്റുകള്‍ ഇരുവരും തിരിച്ചറിയുമ്പോള്‍ എല്ലാം ശുഭമാകുന്നു.

സുരാജ്‌ വെഞ്ഞാറമ്മൂടിന്റേയും ജയറാമിന്റേയും കോമഡി കുറിക്കു കൊള്ളുന്നു എന്നതാണ്‌ സിനിമയുടെ എടുത്തു പറയേണ്ട പ്രധാന സവിശേഷത. പ്രേക്ഷകര്‍ക്ക്‌ ഗുണപാഠങ്ങള്‍ നല്‌കാന്‍ വേണ്ടി ചില കഥാപാത്രങ്ങള്‍ ഇടവേളക്ക്‌ ശേഷം വരുന്നതാണ്‌ പ്രധാന പോരായ്‌മ.

സാങ്കേതികമായി എടുത്തുപറയേണ്ട മേന്മകള്‍ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ചെറിയ മുതല്‍ മുടക്കി നല്ല തിരക്കഥയില്‍ സിനിമ എടുത്താല്‍ പ്രേക്ഷകര്‍ കൂടെയുണ്ടാകും എന്ന്‌ ‘വെറുതേ ഒരു ഭാര്യ’യുടെ വിജയം തെളിയിക്കുന്നു.

WEBDUNIA|
വിവാഹിതയായി അഭിനയം മതിയാക്കിയ ഗോപികക്ക്‌ കരിയറിലെ എറ്റവും മികച്ച വേഷമാണ്‌ ചിത്രത്തില്‍ ചെയ്യാന്‍ കഴിഞ്ഞത്‌. 14 കാരിയുടെ അമ്മവേഷത്തില്‍ അഭിനയിക്കാന്‍ നടിമാര്‍ തയ്യാറാകാതിരുന്നപ്പോള്‍ കഥ കേട്ടയുടന്‍ സിനിമ ചെയ്യാന്‍ ഗോപിക തയ്യാറാകുകയായിരുന്നു എന്ന്‌ സംവിധായകന്‍ അക്കു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :