ലിയോ തദേവൂസ് സംവിധാനം ചെയ്ത പയ്യന്‍സ് തിയേറ്ററുകളില്‍ ആവേശമാകുന്നു. മികച്ച പ്രതികരണമാണ് കേരളത്തിലെ എല്ലാ റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ജയസൂര്യയുടെയും ലാലിന്‍റെയും മികച്ച പ്രകടനമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ‘അങ്ങാടിത്തെരു’ ഫെയിം അഞ്ജലിക്ക് പെര്‍ഫോം ചെയ്യാനുള്ള മികച്ച അവസരമില്ലെങ്കിലും തനിക്ക് ലഭിച്ച കഥാപാത്രത്തോട് നീതിപുലര്‍ത്തി.
കെട്ടുറപ്പുള്ള തിരക്കഥയാണ് പയ്യന്‍സിന്‍റെ ശക്തി. വളരെ ലളിതമായ മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന ഈ സിനിമ ഒരു പ്രണയകഥയാണ്. അതുകൊണ്ടുതന്നെ ഒട്ടേറെ ട്വിസ്റ്റുകളോ സങ്കീര്‍ണമായ പ്രശ്നങ്ങളോ ഈ സിനിമയില്‍ പ്രതീക്ഷിക്കാനാവില്ല. വളരെ ഡയറക്ടായി കഥ പറഞ്ഞിരിക്കുന്നു. ആ രീതി പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പത്തനംതിട്ട സെന്‍ററുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പയ്യന്‍സ് ഹിറ്റാകുമെന്ന് ഉറപ്പാണ്. എറണാകുളത്ത് നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പാലക്കാട് എല്ലാ ഷോയ്ക്കും കുടുംബങ്ങളുടെ തിരക്കാണുള്ളത്.
ലിയോ തദേവൂസിന്‍റെ രണ്ടാമത്തെ ചിത്രമാണ് പയ്യന്‍സ്. ‘പച്ചമരത്തണലില്‍’ ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. എന്തായാലും പയ്യന്‍സിലൂടെ ലിയോയുടെ കരിയറും വഴിത്തിരിവിലെത്തുകയാണ്.
ജോസി എന്ന അടിപൊളിപ്പയ്യനായാണ് ജയസൂര്യ അഭിനയിക്കുന്നത്. ജോസിയുടെ അമ്മ പദ്മയായി രോഹിണിയും അച്ഛന്‍ ജോണ്‍ വര്‍ഗീസായി ലാലും അഭിനയിക്കുന്നു. ജോസി റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന റേഡിയോ സ്റ്റേഷനിലെ സൌണ്ട് എഞ്ചിനീയര്‍ സീമയുടെ റോളിലാണ് അഞ്ജലി എത്തുന്നത്.
സുരാജ് വെഞ്ഞാറമ്മൂടിന്‍റെയും ഗിന്നസ് പക്രുവിന്‍റെയും കോമഡി രംഗങ്ങളും പ്രേക്ഷകര്‍ക്കിഷ്ടമാകുന്നു. അല്‍ഫോണ്‍സ് ഈണം പകര്‍ന്ന ഗാനങ്ങളും ശ്രവണസുന്ദരമാണ്.