വിശുദ്ധന്‍ എന്ന സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരുന്നത്. മാസ് എന്‍റര്‍ടെയ്നറുകളിലൂടെ മെഗാഹിറ്റുകള്‍ തീര്‍ത്ത വൈശാഖ് എന്ന സംവിധായകന്‍റെ വഴിമാറിയുള്ള നടത്തം തന്നെയായിരുന്നു അതിന്‍റെ കാരണം. വൈശാഖ് തന്നെ തിരക്കഥ രചിച്ചു എന്നതും വലിയ പ്രതീക്ഷകള്‍ക്ക് കാരണമായി. കുഞ്ചാക്കോ ബോബന്‍റെ മേക്ക് ഓവര്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയിലുള്ള സ്റ്റില്ലുകളും പരസ്യങ്ങളും ആകാംക്ഷ കൂട്ടി.
എന്നാല്‍ പ്രേക്ഷക പ്രതീക്ഷ അപ്പാടെ തകര്‍ക്കുന്ന സിനിമയാണ് ‘വിശുദ്ധന്‍’. മികച്ച ഒരു ത്രെഡ് ഉണ്ടായിട്ടും അത് വേണ്ട രീതിയില്‍ എക്സിക്യൂട്ട് ചെയ്യാന്‍ വൈശാഖിന് സാധിച്ചില്ല. ആദ്യപകുതി ഇഴച്ചിലാണെങ്കില്‍ അതിനേക്കാള്‍ വലിഞ്ഞുനീളുകയാണ് രണ്ടാം പകുതി. പേരിനുപോലും ഒരു നര്‍മ്മരംഗമില്ലാത്ത സിനിമ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നേറുന്നത്.
ഒരു നാട്ടിന്‍പുറത്ത് വൈദികനായി ചുമതലയേല്‍ക്കുന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഫാദര്‍ സണ്ണി എന്ന കഥാപാത്രം ചാക്കോച്ചന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ്. സിസ്റ്റര്‍ സോഫിയായി മിയ എത്തുന്നു. വാവച്ചന്‍ എന്ന വില്ലന്‍ കഥാപാത്രമായി ഹരീഷ് പേരടി തിളങ്ങി.
പ്രവചിക്കാവുന്ന കഥയും ക്ലൈമാക്സുമാണ് ചിത്രത്തിന് തിരിച്ചടിയായത്. ലാലിന്‍റെ ഇന്‍ഡ്രൊഡക്ഷന്‍ സീനില്‍ മാത്രമാണ് വലിയ കൈയടി കിട്ടിയതും തിയേറ്റര്‍ ആകെയൊന്ന് ഉണര്‍ന്നതും. എന്നാല്‍ പിന്നീട് ആ ഉണര്‍വ് നിലനിര്‍ത്തുന്നതില്‍ ‘വിശുദ്ധന്‍’ പരാജയപ്പെട്ടു.