ബിസിനസുകാരനും താര കമ്യൂണിക്കേഷന്‍സ് എന്ന പരസ്യ കമ്പനിയുടെ ഉടമയുമായ സേതുനാഥിന്‍റെ (ജയറാം) 'സ്വന്തം’ എന്ന നോവലിന് അന്താരാഷ്ട്ര പുരസ്കാരം ലഭിക്കുന്നു. ജേര്‍ണലിസ്റ്റ് അനീസ (ശാരികാമേനോന്‍)യും ലക്ഷ്മണും (സൈജു കുറുപ്പ്) സേതുവിന്‍റെ പിന്നാലെ കൂടി. സേതുവിന്‍റെ ഭൂതകാലത്തെക്കുറിച്ചാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. നൊമ്പരപ്പെടുത്തുന്ന പഴയകാലത്തേയ്ക്കൊരു യാത്ര.
കോളേജില്‍ പഠിക്കുമ്പോള്‍ കഥയും കവിതയുമൊക്കെയായിരുന്നു സേതുവിന് എല്ലാം. ഒടുവില്‍ ജീവിതം വഴിമാറിയപ്പോള്‍ അതൊക്കെ സേതുവിന് അന്യമായി. താരാ കമ്യൂണിക്കേഷന്‍സിന്‍റെ തുടക്കം അങ്ങനെ ആയിരുന്നു. ബിസിനസിന്‍റെ തിരക്കില്‍ അയാള്‍ മുഴുകി. സേതുവിന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനായ സ്വാമി (ജഗതി) ഒപ്പമുണ്ട്. കുഞ്ഞമ്മാവന്‍റെ (നെടുമുടി വേണു)അപ്രതീക്ഷിതമായ കടന്നു വരവുകളാണ് പതിവു ജീവിതത്തെ വ്യത്യസ്തമാക്കുന്നത്. സേതുവിന്‍റെ സ്വത്തില്‍ കണ്ണുള്ള സഹോദരീഭര്‍ത്താവ് ചന്ദ്രദാസ്(ദേവന്‍) മനസമാധാനം കെടുത്താന്‍ ഇടയ്ക്കൊക്കെ വീട്ടിലെത്തും. ജീവിതത്തില്‍ പലപ്പോഴും വൈകിയപ്പോള്‍ ആഗ്രഹിച്ചതൊന്നും അയാള്‍ക്ക് നേടാനാവാതെ പോയി.
സേതുവിന്‍റെ പരസ്യചിത്രത്തില്‍ ജിംഗിള്‍ പാടാനെത്തിയ പ്രിയനന്ദിനി (സദ) പതുക്കെ പതുക്കെ അയാള്‍ക്ക് പ്രിയപ്പെട്ടവളാകുന്നു. കഥയും കവിതയുമൊക്കെ ഒരുകാലത്ത് എല്ലാമായിരുന്നു. ഇപ്പോള്‍ അതിനുമൊക്കെ അപ്പുറത്താണ് പ്രിയനന്ദിനിയെന്ന് സേതു തിരിച്ചറിയുന്നു. പ്രണയവഴിയില്‍ പൂവുമാത്രമല്ല മുള്ളും കാത്തിരിക്കുന്നു. ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്ന് മനസിലാക്കി എന്നെന്നേയ്ക്കുമായി യാത്ര പറഞ്ഞ് അകന്ന ഭാര്യ മഞ്ജു (ശാരി)തിരികെയെത്തി. ഒന്നിച്ചൊരു ജീവിതം സാധ്യമല്ല എന്ന് മഞ്ജു ആവര്‍ത്തിച്ചു.
സേതുവിന്‍റെ സ്വത്ത് മറ്റൊരാള്‍ക്ക് അനുഭവിക്കാന്‍ വിട്ടു കൊടുക്കരുതെന്ന് ചന്ദ്രദാസ് സഹോദരിയെ ഉപദേശിക്കുന്നു. സേതുവിന്‍റെ പിറന്നാളാഘോഷത്തിനിടെ കരിനിഴലായി മഞ്ജു കടന്നു വരുന്നു. സ്വാമിയുടേയും കുഞ്ഞമ്മാവന്‍റേയും മുന്നില്‍ വച്ച് മഞ്ജുവും ചന്ദ്രദാസും പ്രിയയെ അപമാനിക്കുന്നു. സേതുവിന്‍റെ സഹോദരി സുഭദ്ര (ബിന്ദു പണിക്കര്‍) പ്രിയയുടെ വീട്ടിലെത്തി. സേതുവുമായുള്ള അടുപ്പം അവസാനിപ്പിക്കണമെന്ന് അവര്‍ അപേക്ഷിച്ചു. സേതു വിവാഹിതനാണെന്ന കാര്യം നേരത്തെതന്നെ അവള്‍ക്ക് അറിയാമായിരുന്നു. വീടിനു പുറത്തേയ്ക്കൊന്നു പോവാന്‍ കൂടി അമ്മ പ്രിയയെ അനുവദിച്ചില്ല. സേതുവിന്‍റെ മാനസികാവസ്ഥ മനസിലാക്കിയ സ്വാമി പ്രിയയുമായി കൂടിക്കാണാന്‍ അവസരം ഒരുക്കി. 'ഇനിയുമെഴുതണം, എത്ര അകലെയായാലും ആ വരികള്‍ക്കായി കാതോര്‍ത്തിരിക്കും" എന്നു പറഞ്ഞാണ് അവള്‍ പോയത്.