തീയേറ്ററില്‍ എത്തുമ്പോള്‍ ഉത്സവപ്രതീതിയായിരുന്നു. 'ലാലേട്ടന്‍ കീ ജയ്!' എന്ന് ഉത്സവാന്തരീക്ഷത്തില്‍ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ മോഹന്‍ലാലിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്സിനെ വരവേറ്റത്. ജോഷിക്ക് ഒരു ഷേക്ക് ഹാന്‍ഡ്. സിബി - ഉദയകൃഷ്ണന്‍ ടീമിന് അഭിമാനിക്കാം- മോഹന്‍ലാല്‍ ആരാധകര്‍ ആഗ്രഹിക്കുന്ന ഒരു ചിത്രം ഒരുക്കിയതിന്. സ്വതസിദ്ധമായ കരിസ്മയുമായി മോഹന്‍ലാലും അല്ലറച്ചില്ലറ തരികിട നമ്പറുകളുമായി ദിലീപും തീപ്പൊരി ഡയലോഗുകളുമായി സുരേഷ് ഗോപിയും അരങ്ങുതകര്‍ക്കുമ്പോള്‍ തീയേറ്ററുകളില്‍ ആരാധകര്‍ ഇളകി മറിയാതിരിക്കുന്നതെങ്ങനെ?
സമകാലീന രാഷ്ട്രീയ അവസ്ഥകളെ സൂചിപ്പിച്ചാണ് ചിത്രം തുടങ്ങുന്നത്. മൂന്നാറിലെ വ്യാജപട്ടയങ്ങളുടെയും ഫ്ലാറ്റ് നിര്‍മ്മാണത്തിന്റെയും കഥ പറഞ്ഞുകൊണ്ട്... കുന്നേല്‍ കുമാരന്‍ തമ്പിക്ക് (വിജയരാഘവന്‍) മൂന്ന് മക്കളാണ്. രണ്ട് പേര്‍ ഫ്ലാറ്റും ബിസിനസുമൊക്കെയായി പോകുമ്പോള്‍ ഒരാള്‍ ഹരികൃഷ്ണന്‍ തമ്പിയെന്ന (ബിജു മേനോന്‍) ഐപിഎസ്സുകാരനാണ്, ഒപ്പം സിറ്റി പൊലീസ് കമ്മിഷണറുമാണ്. കുന്നേല്‍ കുടുംബം ഒരു സ്ഥലത്തിന്റെ വ്യാജപ്പട്ടയം കരസ്ഥമാക്കാന്‍ തഹസീല്‍ദാറിന്റെ (കൊല്ലം തുളസി) സഹായം തേടുന്നു. കുന്നേല്‍ കുടുംബത്തിന്റെ പണക്കിലുക്കത്തില്‍ തഹസീല്‍ദാര്‍ സഹായിക്കാന്‍ സന്നദ്ധനായെങ്കിലും വില്ലേജ് ഓഫീസറായ തോമസ് പാലമറ്റത്തെ (ജഗതി) സ്വന്തം വശത്താക്കാന്‍ അവര്‍ക്ക് ആകുന്നില്ല. ഇവര്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്ന ഫയല്‍ പൂഴ്ത്താന്‍ വില്ലേജ് ഓഫീസര്‍ തയ്യാറാകുന്നില്ല.
ഇതിനിടെ, തോമസ് പാലമറ്റം കൊലചെയ്യപ്പെടുന്നു. പക്ഷേ ഇയാള്‍ ഫയലുകള്‍ ജ്യേഷ്ഠനായ വര്‍ഗീസ് മാപ്പിളയെ (സായികുമാര്‍) ഏല്‍പ്പിച്ചിരുന്നു. നീതിക്കും ധര്‍മ്മത്തിനും നിരക്കാത്ത ഒന്നും ചെയ്യാത്ത ഒരു റിട്ടേയര്‍ഡ് ക്യാപ്റ്റനാണ് വര്‍ഗീസ് മാപ്പിള. വര്‍ഗീസ് മാപ്പിളയുടെ കുടുംബ കഥ ഇങ്ങനെ: രണ്ട് ആണും ഒരു പെണ്ണും. മൂത്തയാള്‍ ക്രിസ്റ്റി (മോഹന്‍ലാല്‍). രണ്ടാമത്തയാള്‍ ജോജി (ദിലീപ്). ഇവര്‍ക്ക് രണ്ട് പേര്‍ക്കും വീട്ടില്‍ സ്ഥാനമില്ല. മൂത്തയാളെ എന്തുകൊണ്ട് ഒഴിവാക്കുന്നുവെന്ന് കുറച്ച് സസ്പന്‍സ്. ചോരയുടെ മണം ഇഷ്ടപ്പെടുന്നയാളാണ് മൂത്തമകന്‍ എന്ന ഒരു സൂചന മാത്രം നല്‍കുന്നുണ്ട്.
രണ്ടാമത്തെയാളെ സെമിനാരി ഉന്നത പഠനത്തിനായി ലണ്ടനിലേക്ക് പറഞ്ഞയച്ചിരിക്കുന്നു. പള്ളീലച്ചന്‍ ആകാന്‍ പഠിക്കുന്ന ജിജോക്ക് പക്ഷേ ദൈവവിളിയുണ്ടാകുന്നില്ല. പകരം ജിജോയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ഒരു പെണ്‍കുട്ടിയെ (കാവ്യ മാധവന്‍) പ്രണയിക്കാന്‍ കര്‍ത്താവ് അവനോട് ആവശ്യപ്പെടുന്നു. പ്രണയിനി ആഭ്യന്തര മന്ത്രിയുടെ (ദേവന്‍) മകളാണ് - മീനാക്ഷി. ലണ്ടനിലുള്ള ബന്ധുക്കള്‍ മീനാക്ഷിയുടെ വീട്ടുകാരെ വിവരം അറിയിക്കുന്നു. ജിജോയില്‍ നിന്ന് അകറ്റാന്‍ മീനാക്ഷിയെ തന്ത്രപൂര്‍വം കേരളത്തിലെത്തിക്കുന്നു. ജിജോയുടെ പാസ്പോര്‍ട്ട് മീനാക്ഷിയുടെ ബന്ധുക്കള്‍ കത്തിച്ചുകളയുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചു മീനാക്ഷി കിഡ്നാപ്പ് ചെയ്യപ്പെടുന്നു.