ഈ ടിസ്റ്റ് എന്തെന്ന് പറയുന്നില്ല. ഒരു പക്ഷേ പ്രേക്ഷകര്‍ ഊഹിച്ചേക്കാവുന്നതാണെങ്കിലും സസ്പന്‍സ് ചിത്രം കണ്ടുതന്നെ അറിയുന്നതാണ് നല്ലത്. ഇവിടെയൊന്നുമല്ല ക്ലൈമാക്സ്, ഇത് ഒരു ഇന്റര്‍വല്‍ പഞ്ച് മാത്രം. ആരാണ് ജോര്‍ജ്ജുകുട്ടിയുടെ കൊലയാളി? മന്ത്രിയുടെ വീട്ടില്‍ ഒളിവില്‍ താമസിച്ച് ഈ ചോദ്യത്തിനുത്തരം തേടുകയാണ് ക്രിസ്റ്റി. കഥ പുരോഗമിക്കുമ്പോള്‍ ജോസഫ് വടക്കന്‍ വര്‍ഗീസ് മാപ്പിളയുടെ മരുമകനാകുന്നു. ജോജി കേരളത്തിലെത്തുന്നു. പിന്നീട് നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് കഥ ക്ലൈമാക്സിലെത്തുന്നത്. മുഴുവന്‍ കഥ പറയുകയെന്ന അതിക്രമം കാട്ടുന്നില്ല.
മള്‍ട്ടിസ്റ്റാര്‍ ചിത്രം ഒരുക്കുന്നതിലെ പ്രതിഭ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ജോഷി. മോഹന്‍ലാല്‍ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയാണ് ജോഷി ഒരുക്കിയിരിക്കുന്നത്. സസ്പെന്‍സും വൈകാരിക മുഹൂര്‍ത്തങ്ങളും അത് അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ തന്നെ ജോഷി ദൃശ്യവത്ക്കരിച്ചിരിക്കുന്നു.
സിബി - ഉദയകൃഷ്ണന്‍ കൂട്ടുകെട്ട് അത്ര തലപുകച്ചിരിക്കാനൊന്നും ഇടയില്ല. എങ്കിലും എല്ലാ സൂപ്പര്‍താരങ്ങള്‍ക്കും ഷൈന്‍ (നായകനെന്ന നിലയില്‍ മോഹന്‍ ലാലിന് കുറച്ച് അധികം) ചെയ്യാന്‍ അവസരം ഒരുക്കുന്നുണ്ട് ഈ ഇരട്ട തിരക്കഥാകൃത്തുക്കള്‍. പക്ഷേ ഫ്ലാഷ്‌ബാക്ക് ആയി കഥ പറയുമ്പോള്‍ നഷ്ടപ്പെടുന്ന ത്രില്ലിംഗ് ഇവര്‍ കാണാതെപോയെന്ന് പറയാതെ വയ്യ.
മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ എല്ലാ അവസരങ്ങളും നല്‍കുന്നതാണ് ക്രിസ്റ്റിയെന്ന നായക കഥാപാത്രം. പഞ്ച് ഡയലോഗുകളും സ്വതസിദ്ധമായ ഫ്ലെക്സിബിള്‍ അഭിനയരീതി കൊണ്ടും മോഹന്‍ലാല്‍ കയ്യടി നേടുന്നു. ‘മഴ നനഞ്ഞ് വീര്‍പ്പം വച്ചതുകൊണ്ടുമാത്രം മണ്ണിര മൂര്‍ഖന്റെ വീട്ടില്‍ പെണ്ണ് ആലോചിക്കല്ലേ’ എന്ന് തുടങ്ങിയ ഡയലോഗുകള്‍ ആരാധകരെ തൃപ്തിപ്പെടുത്തും.
ജോസഫ് വടക്കന്‍ ആയിട്ട് സുരേഷ് ഗോപിയും തകര്‍ക്കുന്നു. പഞ്ച് ഡയലോഗുകള്‍ ജോസഫ് വടക്കനും നല്‍കാന്‍ ഇരട്ട തിരക്കഥാകൃത്തുക്കള്‍ മറന്നിട്ടില്ല. ദിലീപിന്റെ സ്ഥിരം നമ്പറുകള്‍ തന്നെയാണ് ജോജോ എന്ന അനിയന്‍ കഥാപാത്രത്തിന്. മീനാക്ഷിയെ വളയ്ക്കാന്‍ ജോജോ നടത്തുന്ന ശ്രമങ്ങള്‍ ഒരു പാട്ടിലൂടെയാണ് പറയുന്നത്. സി ഐ ഡി മൂസയിലെ ഗാനരംഗം ഓര്‍മ്മ വരും ഇതുകാണുമ്പോള്‍.
നായികമാര്‍ക്ക് അത്ര അവകാശപ്പെടാനില്ല ഈ ചിത്രത്തില്‍. മീനാക്ഷിയായി കാവ്യാ മാധവന്‍ ആണ് എത്തുന്നത്. കാവ്യയുടെ തടിച്ച പ്രകൃതം നായികയ്ക്ക് അത്ര ചേരുന്നില്ലെന്ന് പറയേണ്ടി വരും. മോഹന്‍ലാലിന്റെ സഹോദരിമാരായി ലക്ഷ്മി ഗോപാലസ്വാമിയും കനിഹയും അഭിനയിക്കുന്നു. കാമുകി കഥാപാത്രമായി ലക്ഷ്മി റായിയും സിനിമയിലുണ്ട്.
ചിത്രത്തില്‍ ഏറ്റവും അരോചകമായ ഒരു കഥാപാത്രത്തെക്കുറിച്ച് പറയാതിരിക്കാനാകില്ല. സുരാജ് അവതരിപ്പിക്കുന്ന കുക്കിന്റെ വളിച്ച തമാശകള്‍ ചിരിപ്പിക്കുകയല്ല ചെയ്യുന്നത്. കൂക്കിവിളികളാണ് സുരാജിന്റെ തമാശകള്‍ക്ക് ഏല്‍ക്കേണ്ടി വരുന്നത്.
WEBDUNIA|
മൊത്തം ചിത്രം പരിഗണിക്കുമ്പോള്‍ ആരാധകരില്‍ ഓളം സൃഷ്ടിക്കുന്നത് തന്നെ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നു പറയാം. ആ രീതിയില്‍ കണക്കിലെടുത്താല്‍ ഈ സിനിമ സൂപ്പര്‍ഹിറ്റാകും.