സിജോയ് ജേക്കബ് തര്യന്‍|
Last Modified വെള്ളി, 5 ഫെബ്രുവരി 2016 (15:39 IST)
പ്രതികാരം പല രീതിയിലുണ്ട്. ഇതുവരെ മലയാള സിനിമയില്‍ കണ്ട വ്യത്യസ്തമായ പ്രതികാരത്തില്‍ ഒന്ന് ‘പൊന്‍മുട്ടയിടുന്ന താറാവ്’ എന്ന ചിത്രത്തിലേതായിരുന്നു. തട്ടാന്‍ ഭാസ്കരന്‍ ഒരു ആണ്‍കുട്ടിയാണെന്ന് പറയിക്കുന്ന ആ ക്ലൈമാക്സുണ്ടല്ലോ, അതിനെ വെല്ലും ‘മഹേഷിന്‍റെ പ്രതികാരം’ എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ്. ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍, അമ്പതാം പടം ചെയ്യുന്ന ഡയറക്ടറുടെ കൈയടക്കം കാണിച്ചിരിക്കുന്നു.
മഹേഷിന്‍റെ പ്രതികാരം ഒരു സിനിമയായി കാണേണ്ടതില്ല. നിങ്ങള്‍ കുറച്ചു ദിവസം ഇടുക്കിയില്‍ പോയി താമസിക്കുന്നതായി തോന്നും. അവിടത്തെ കാഴ്ചകള്‍, അവിടത്തെ സംസാരം, അവിടത്തെ രുചി... എല്ലാം അനുഭവിക്കാം. അക്ഷരാര്‍ത്ഥത്തില്‍ ‘കാഴ്ചയുടെ ഉത്സവം’ തന്നെയാകുന്നു മഹേഷിന്‍റെ ഈ പ്രതികാരചിത്രം.
‘മഹേഷ് ഭാവന’ എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. ഭാവന എന്നത് സ്റ്റുഡിയോയുടെ പേരാണ്. ഇടുക്കിയിലെ ഒരു സ്റ്റുഡിയോക്കാരന്‍ പയ്യന്‍. കല്യാണത്തിനും മരണത്തിനുമൊക്കെ ഫോട്ടോയെടുത്തു ജീവിതം നീക്കുന്ന ഒരു പാവം. അവനൊരു പ്രണയമുണ്ട് - സൌമ്യ. കുട്ടിക്കാലം മുതലുള്ളതാണ്. അവിചാരിതമായി മഹേഷ് ഒരു ഏടാകൂടത്തില്‍ ചെന്നുപെടുന്നതും പിന്നീടുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്‍റെ കഥ.
മഹേഷായി ഫഹദ് ഗംഭീരം. താനെങ്ങും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ടെന്ന് ഉറക്കെ വിളിച്ചുപറയുന്ന രീതിയില്‍ സ്വാഭാവികമായ ഒരു പ്രകടനം. നായികയായെത്തുന്ന അനുശ്രീയും ഒന്നാന്തരം അഭിനയമാണ് കാഴ്ചവച്ചത്. അലന്‍സിയറും സൌബിന്‍ സാഹിറും ജാഫര്‍ ഇടുക്കിയുമെല്ലാം വളരെ തന്‍മയത്വത്തോടെ തങ്ങളുടെ ഇടുക്കിക്കഥാപാത്രങ്ങളായി ജീവിച്ചു.
ശ്യാം പുഷ്കരന്‍റെ ഒരു പിഴവുപോലുമില്ലാത്ത തിരക്കഥയും ഷൈജു ഖാലിദിന്‍റെ ഛായാഗ്രഹണവുമാണ് മഹേഷിന്‍റെ പ്രതികാരത്തെ ഒരു മികച്ച സിനിമാനുഭവമാക്കി മാറ്റുന്നത്. ഒപ്പം ദിലീഷ് പോത്തന്‍റെ സംവിധാനമികവും. ആഷിക് അബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ബിജിബാലിനെ പരാമര്‍ശിക്കാതെ ഈ റിവ്യൂ പൂര്‍ണമാകില്ല. അതിമനോഹരമായ ഗാനങ്ങളാണ് മഹേഷിന്‍റെ പ്രതികാരത്തിലേത്. ‘ഇടുക്കി’ സോംഗ് കിടുക്കി. 'തെളിവെയിലഴകും മഴയുടെ കുളിരും’ എന്ന ഗാനവും മനസ് നിറയ്ക്കും.
സിനിമ കഴിഞ്ഞിറങ്ങി വെളിയിലെത്തുമ്പോള്‍ ചിത്രത്തിന്‍റെ വലിയ ഫ്ലക്സ് തിയേറ്ററിനുമുന്നില്‍. ഫ്ലക്സിലെ ഫഹദിന് ഉഗ്രനൊരു സല്യൂട്ട് നല്‍കി ഉച്ചത്തില്‍ അലറി - “കലക്കീടാ മഹേഷേ...”
റേറ്റിംഗ്: 4.5/5