കമ്മത്ത് ആന്‍റ് കമ്മത്ത് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം
PRO
നടന്‍ സിദ്ദിഖിന്‍റെ വോയിസ് ഓവറിലൂടെ കൊങ്കിണി സമുദായത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് കമ്മത്ത് ആന്‍റ് കമ്മത്ത് തുടങ്ങുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് അധിനിവേശത്തെ തുടര്‍ന്ന് ഗോവയില്‍ നിന്ന് പലായനം ചെയ്ത കൊങ്കിണി ബ്രാഹ്മണരാണ് കമ്മത്ത്‍, പൈ തുടങ്ങിയ സമുദായങ്ങളായി കേരളത്തിലെ മലബാര്‍ പ്രദേശങ്ങളിലും മംഗലാപുരത്തുമായി ജീവിക്കുന്നത്. പാചകത്തിലും കലകളിലും കഴിവ് തെളിയിച്ചിട്ടുള്ള ഇവര്‍ കച്ചവടത്തിലും കേമന്‍മാരാണ്. ഇവര്‍ വലിയ സമാധാനപ്രിയരുമാണ്.
ഏറെ റിസര്‍ച്ച് ചെയ്ത സ്ക്രിപ്റ്റാണെന്നാണ് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഉദയ്കൃഷ്ണ ചിത്രത്തെക്കുറിച്ച് പൂജാസമയത്ത് പറഞ്ഞത്. പക്ഷേ, ചിത്രത്തിന്‍റെ ഇന്‍ട്രോയില്‍ പറയുന്ന കമ്മത്ത് സമുദായ ചരിതമല്ലാതെ റിസര്‍ച്ച് ചെയ്ത് പാകപ്പെടുത്തിയ ഒന്നും തന്നെ ചിത്രത്തില്‍ ഇല്ല. അതാകട്ടെ വിക്കിപീഡിയയില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന വിവരവും. ഒരു പക്ഷേ അതിനെയാവാം തിരക്കഥാകൃത്ത് റിസര്‍ച്ച് എന്ന് ഉദ്ദേശിച്ചത്!
ഇന്‍ട്രോയ്ക്ക് ശേഷം കൊച്ചിയിലെ ഒരു കമ്മത്ത് കുടുംബത്തെയാണ് കാണുന്നത്. ഭാര്യയും രണ്ട് മക്കളുമായി സന്തോഷത്തോടെ ജീവിക്കുന്ന ഒരു കമ്മത്ത് ഫാമിലി. പതിവു പോലെ കുടുംബ നായകന് ഒരു അപകടം നേരിടുന്നു. മക്കള്‍ക്ക് കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വരുന്നു. അവര്‍ ചെറിയ ഒരു ദോശക്കട തുടങ്ങുന്നു. അത് ‘കമ്മത്ത് & കമ്മത്ത്’ എന്ന വലിയ ഹോട്ടല്‍ ശൃംഖലയായി വളരുന്നു.