ഐ വി ശശിയെ വെള്ളത്തൂവല്‍ രക്ഷിക്കില്ല

യാത്രി ജെസെന്‍

WEBDUNIA|
വെള്ളത്തൂവല്‍ പോലെ പാറിക്കളിക്കുന്ന കൌമാരമനസുകളെ പറ്റിയുള്ള ഈ സിനിമയുടെ സാരോപദേശം ഇതാണ് - കൌമാരക്കാരെ ശരിയായി മനസിലാക്കുന്ന കാര്യത്തില്‍ നാമിനിയും മുമ്പോട്ട് പോവേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ സാരോപദേശം പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ വിജയിക്കുന്നുമില്ല.

വേഗതയേറിയ ഷോട്ടുകളും കഥ പറച്ചിലിന്റെ പുതിയ തന്ത്രങ്ങളുമായി നവ സംവിധായകരുടെ സിനിമകള്‍ പ്രേക്ഷകരെ മാടിവിളിക്കുമ്പോള്‍ മന്ദഗതിയില്‍ പറഞ്ഞുപോവുന്ന ഒരു വണ്‍ലൈനര്‍ കഥയുമായി ‘വെള്ളത്തൂവല്‍’ എന്ന സിനിമയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല.

അതിരാത്രം എന്ന ചിത്രത്തിന് ശേഷം ഐ വി ശശിക്കു വേണ്ടി ജോണ്‍പോള്‍ തിരക്കഥയെഴുതുന്ന ‘വെള്ളത്തൂവലി‍’ന് പഴക്കമണം വേണ്ടുവോളമുണ്ട്. എണ്‍‌പതുകളില്‍ നിന്ന് രണ്ടായിരത്തിനുമപ്പുറത്തേക്ക് വളരാന്‍ ഇരുവര്‍ക്കും ആവുന്നില്ല എന്നിടത്താണ് ‘വെള്ളത്തൂവല്‍’ നിരാശപ്പെടുത്തുന്നത്.

ഗോള്‍ എന്ന സിനിമയിലൂടെ പ്രശസ്തനായ രജിത് മേനോനാണ് വെള്ളത്തൂവലിലെ നായകന്‍. ആകാശഗോപുരത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയ നിത്യയാണ് രജിത്തിന് നായികയാകുന്നത്. ഇരുവരും വലിയ തരക്കേടില്ലാതെ ലഭിച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു. ലാലു അലക്സും ജഗതിയും സീമയും ബാലചന്ദ്രന്‍ ചുള്ളിക്കാടും ജ്യോതിര്‍മയിയും ഇവര്‍ക്കൊപ്പമുണ്ട്.

ഗിരീഷ്‌ പുത്തഞ്ചേരി രചിച്ച് ജോണ്‍സണ്‍ ഈണമിട്ടിരിക്കുന്ന ഗാനങ്ങള്‍ ഇമ്പമുള്ളവയല്ല. ആനന്ദക്കുട്ടന്‍റെ ഛായാഗ്രഹണം തരക്കേടില്ല. അനുഗ്രഹ ആര്‍ട്സിനു വേണ്ടി വെള്ളത്തൂവല്‍ നിര്‍മിച്ചിരിക്കുന്നത് സി എം രാജുവാണ്. മുളകുപാടം ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :