ആഘോഷിക്കാന്‍, അടിച്ചുപൊളിക്കാന്‍ വിക്രമാദിത്യന്‍

ഇന്ദുകല രവീന്ദ്രന്‍| Last Updated: വെള്ളി, 25 ജൂലൈ 2014 (18:53 IST)
ലാല്‍ ജോസ് സംവിധാനം ചെയ്ത 'വിക്രമാദിത്യന്‍' തിയേറ്ററുകളിലെത്തി. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു എന്‍റര്‍ടെയ്നറാണ് ഈ സിനിമ. വിക്രമന്‍റെയും ആദിത്യന്‍റെയും സൌഹൃദത്തിന്‍റെ കഥയാണിത്. ഒപ്പം ദീപികയുടെയും.

വാസുദേവ ഷേണായി(അനൂപ് മേനോന്‍)യുടെയും ലക്ഷ്മി(ലെന)യുടെയും പ്രണയം തകരുന്നു. ഇരുവരും വേറെ വിവാഹം കഴിക്കുന്നു. ഇരുവര്‍ക്കും ഒരേ ദിവസം തന്നെ കുട്ടികള്‍ ജനിക്കുന്നു. അതാണ് വിക്രമനും(ഉണ്ണി മുകുന്ദന്‍) ആദിത്യനും(ദുല്‍ക്കര്‍ സല്‍മാന്‍).

ഒരു വലിയ പൊലീസ് ഉദ്യോഗസ്ഥന്‍ ആകണമെന്നാണ് വിക്രമന്‍റെ ആഗ്രഹം. എന്നാല്‍ ലൈഫ് എന്‍‌ജോയ് ചെയ്യണമെന്നാണ് ആദിത്യന്‍റെ പക്ഷം. ദീപിക(നമിത) ഇരുവരുടെയും കൂട്ടുകാരിയാണ്. രണ്ടുപേര്‍ക്കും അവളോട് പ്രണയം ജനിക്കുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നത്തിലേക്ക് നീങ്ങുന്നു.

കസിന്‍‌സിന്‍റെ സൌഹൃദത്തിന്‍റെ കഥയായിരുന്നു ബാംഗ്ലൂര്‍ ഡെയ്സ് പറഞ്ഞത്. ഈ സിനിമ പറയുന്നതും സൌഹൃദത്തിന്‍റെ വര്‍ണങ്ങളുടെ കഥയാണ്. ബാംഗ്ലൂര്‍ ഡെയ്സ് പോലെ തന്നെ പ്രേക്ഷകരെ വശീകരിക്കും വിക്രമാദിത്യനും. ഉണ്ണിമുകുന്ദനും ദുല്‍ക്കറും തന്നെയാണ് സിനിമയില്‍ സ്കോര്‍ ചെയ്തിരിക്കുന്നത്. പിന്നെ ലെനയും. അതിഥിയായെത്തുന്ന നിവിന്‍ പോളി തിയേറ്റര്‍ പിടിച്ചുകുലുക്കി എന്നുപറഞ്ഞാല്‍ മതിയല്ലോ!

ഒന്നാന്തരം പാട്ടുകളാണ് വിക്രമാദിത്യന്‍റെ ജീവന്‍. ലാല്‍ ജോസിന്‍റെ ഗാനചിത്രീകരണം വിസ്മയിപ്പിക്കുന്നു. ഒരുപാട് ക്ലീഷേകള്‍ ഉണ്ടെങ്കിലും വിക്രമാദിത്യന്‍ ഒരു മികച്ച ചലച്ചിത്രാനുഭവമാക്കുന്നത് ലാല്‍ ജോസിന്‍റെ സംവിധാന വൈഭവം ഒന്നുകൊണ്ടുതന്നെ.

ഇക്ബാല്‍ കുറ്റിപ്പുറമാണ് വിക്രമാദിത്യന് തിരക്കഥ രചിച്ചിരിക്കുന്നത്. രസകരമായ സംഭാഷണങ്ങളും നല്ല മുഹൂര്‍ത്തങ്ങളും ഒരുക്കുന്നതില്‍ ഇക്ബാല്‍ വിജയിച്ചിട്ടുണ്ട്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഇക്ബാല്‍ വീണ്ടും ഒരു ഹിറ്റ് സൃഷ്ടിക്കുകയാണെന്ന് നിസംശയം പറയാം. ഒപ്പം, ഏഴുസുന്ദരരാത്രികളുടെ പരാജയത്തിന്‍റെ ക്ഷീണം ഈ സിനിമയിലൂടെ മായ്ച്ചുകളയാന്‍ ലാല്‍ ജോസിനും കഴിഞ്ഞിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :